വീര്യം കുറഞ്ഞ മദ്യം മദ്യനയത്തിന് ശേഷം ബാറുകളുടെ എണ്ണം കൂട്ടാൻ ആലോചനയില്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു

സംസ്ഥാനത്തെ മദ്യനയം യുഡിഎഫിൽ ഉടൻ ചർച്ച ചെയ്യുമെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലാകും തീരുമാനിക്കുകയെന്നും എക്സൈസ് മന്ത്രി എം. ലിജു. ഓപ്പറേഷൻ തണ്ടർ , ഓപ്പറേഷൻ ശുദ്ധി പദ്ധതികൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യം മദ്യനയത്തിന് ശേഷം ബാറുകളുടെ എണ്ണം കൂട്ടാൻ ആലോചനയില്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു
എക്സൈസ് മന്ത്രി എം. ലിജു

വീര്യം കുറഞ്ഞ മദ്യം മദ്യനയത്തിന് ശേഷം മാത്രം; ബാറുകളുടെ എണ്ണം കൂട്ടാൻ ആലോചനയില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിലാകും തീരുമാനിക്കുകയെന്ന് എക്സൈസ് മന്ത്രി എം.ലിജു അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ തന്നെ യുഡിഎഫ് മുന്നണിയിൽ നടക്കും. നയത്തിൽ അന്തിമ തീരുമാനമാകുന്നതിന് മുൻപ് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനായി ഏതെങ്കിലും അപേക്ഷ മുന്നിലെത്തിയാൽ അത് നിരസിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​നികുതിഘടന സംബന്ധിച്ച ബജറ്റ് നിർദേശങ്ങൾ എക്സൈസ് മന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നും അത് ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാറുകളുടെ പ്രവർത്തന സമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ മദ്യനയത്തിൽ വ്യക്തമാക്കും. നിലവിൽ സംസ്ഥാനത്ത് ബാർ ഹോട്ടലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ല. അതേസമയം, ബവ്കോ ഔട്ട്‌ലെറ്റുകളുടെ നിലവാരം ഉയർത്തുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂർണ്ണമായും ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

​'ഓപ്പറേഷൻ തണ്ടറും' 'ഓപ്പറേഷൻ ശുദ്ധിയും' ശക്തമാക്കും

സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആധുനികവത്കരിച്ച എൻഫോഴ്സ്മെന്റ് പദ്ധതിയായ 'ഓപ്പറേഷൻ തണ്ടർ' പുനരാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഇതുവരെ 14,722 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട 1,422 എൻ.ഡി.പി.എസ് കേസുകളും, 2,292 അബ്കാരി കേസുകളും, പുകയില ഉത്പന്നങ്ങളുടെ നിയമവിരുദ്ധ വില്പനയുമായി ബന്ധപ്പെട്ട 118 കേസുകളും ഉൾപ്പെടുന്നു. വ്യാജകള്ളിന്റെ ഉത്പാദനവും വിതരണവും തടയാൻ 'ഓപ്പറേഷൻ ശുദ്ധി' എന്ന പേരിൽ കർശന പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലെ അഴിമതി ഒഴിവാക്കാൻ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

​കായംകുളത്ത് പുതിയ ലബോറട്ടറി; എക്സൈസിന് കീഴിൽ നാർക്കോട്ടിക് ബ്യൂറോ

കേരളത്തിലാദ്യമായി എക്സൈസ് വകുപ്പിന് മാത്രമായി 'സ്റ്റേറ്റ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി' കായംകുളത്ത് സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയയുടെ അന്തർസംസ്ഥാന ശൃംഖലകൾ തകർക്കാൻ എക്സൈസ് വകുപ്പിനുള്ളിൽ പ്രത്യേക 'നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം പൊതുജനസൗഹൃദ അന്തരീക്ഷവും ലഹരിവിരുദ്ധ കൗൺസിലിങ് സൗകര്യങ്ങളുമുള്ള മാതൃകാ ഓഫീസുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്നും മന്ത്രി എം.ലിജു വ്യക്തമാക്കി