ടോക്സിക് ഫസ്റ്റ് ലുക്ക് പുറത്ത്
ടോക്സിക് ഫസ്റ്റ് ലുക്ക് പുറത്ത് നാദിയയായി കിയാര അദ്വാനി വരുന്നു കന്നഡ സൂപ്പർ താരം യാഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം
‘ടോക്സിക്’ ഫസ്റ്റ് ലുക്ക് പുറത്ത്; ‘നാദിയ’യായി കിയാര അദ്വാനി വരുന്നു
കൊച്ചി: കന്നഡ സൂപ്പർ താരം യാഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന സിനിമയിലെ കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നാദിയ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് കിയാര ചിത്രത്തിലെത്തുന്നത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലുള്ള കിയാരയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
സർക്കസ് പശ്ചാത്തലത്തിലുള്ള വർണാഭമായ ലോകത്ത് വികാരസാന്ദ്രമായ അഭിനയത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രമായാണ് നാദിയയെ അവതരിപ്പിച്ചിരിക്കുന്നത്. കിയാരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്നും, ഒരു കലാകാരി എന്ന നിലയിൽ കിയാരയെ ഈ ചിത്രം പുതുതായി നിർവചിക്കുമെന്നും സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു.
കെ.ജി.എഫ് 2-ന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് യാഷ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ‘ടോക്സിക്’. ഇംഗ്ലീഷിലും കന്നഡയിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തിറക്കും.
രാജീവ് രവി ക്യാമറയും രവി ബസ്രൂർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻബരിവ് എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.

