​മുഖ്യമന്ത്രി കസേരയിൽ ആര്? സോണിയ ഗാന്ധിയുടെ നിലപാട് നിർണ്ണായകം ഡൽഹിയിൽ ചർച്ചകൾ തുടരുന്നു

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഇന്നയുണ്ടാകും. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ചർച്ച പൂർത്തിയാക്കി.

​മുഖ്യമന്ത്രി കസേരയിൽ ആര്? സോണിയ ഗാന്ധിയുടെ നിലപാട് നിർണ്ണായകം ഡൽഹിയിൽ ചർച്ചകൾ തുടരുന്നു
മുഖ്യമന്ത്രി കസേരയിൽ ആര്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം. ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികളും സംസ്ഥാന നേതാക്കളും ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് വി.ഡി. സതീശൻ, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

​അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് നേതാക്കളെ അറിയിച്ചിട്ടുള്ളത്. സോണിയ ഗാന്ധിയുടെ നിലപാട് ഈ കാര്യത്തിൽ വളരെ നിർണ്ണായകമാകും. ഇന്ന് ഖർഗെയും രാഹുലും സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്.

​ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം വി.ഡി. സതീശൻ ഞായറാഴ്ച പുലർച്ചെ 1.15-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് അദ്ദേഹം ആലുവയിലെ വീട്ടിലേക്ക് മടങ്ങി. രമേശ് ചെന്നിത്തല ഇന്ന് കേരളത്തിലേക്ക് മടങ്ങും, അതേസമയം കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരും.

ചർച്ചകൾക്കിടെ കേരളത്തിലെ നേതാക്കൾ തമ്മിലുള്ള 'ഫ്ലക്സ് യുദ്ധത്തിൽ' രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പാർട്ടിയിൽ ഐക്യം വേണമെന്നും തെരുവ് യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം നേതാക്കളോട് നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെത്തുടർന്ന് കെ.പി.സി.സി ഓഫീസിന് മുന്നിലടക്കം സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ പ്രവർത്തകർ നീക്കം ചെയ്തു തുടങ്ങി.