വോട്ടെടുപ്പ് വിവരം ഉടൻ പുറത്തുവിടണം തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് വി.ഡി.സതീശൻ കത്ത് നൽകി
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനവും തപാൽ വോട്ട് വിവരങ്ങളും ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
വോട്ടെടുപ്പ് വിവരം ഉടൻ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് വി.ഡി.സതീശൻ കത്ത് നൽകി
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടിങ് കണക്കുകൾ പുറത്തുവിടാത്തതിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം, പോസ്റ്റൽ വോട്ടുകൾ, വീട്ടിൽ വോട്ട് ചെയ്തവരുടെ കണക്ക് എന്നിവ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാൻ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. നിലവിൽ 78.27% പോളിങ് നടന്നതായാണ് കമ്മിഷന്റെ പ്രാഥമിക കണക്ക്. എന്നാൽ, ഇതിൽ പോസ്റ്റൽ വോട്ടുകളോ സർവീസ് വോട്ടുകളോ ഉൾപ്പെട്ടിട്ടില്ല.
പ്രധാന ആവശ്യങ്ങൾ:
മണ്ഡലം, ജില്ല തിരിച്ചുള്ള കൃത്യമായ പോളിങ് ശതമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.
വീടുകളിൽ വോട്ട് ചെയ്തവർ, തപാൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർ എന്നിവരുടെ എണ്ണം വ്യക്തമാക്കുക.
അവശ്യസേവന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വോട്ടിങ് നില പുറത്തുവിടുക.
പ്രിസൈഡിങ് ഓഫിസർമാരുടെ ഡയറി സ്റ്റേറ്റ്മെന്റും പോർട്ടലിലെ വിവരങ്ങളും പരിശോധിച്ച് റിട്ടേണിങ് ഓഫിസർമാർ അന്തിമ കണക്ക് നൽകിയിട്ടും അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് വീഴ്ചയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ചില ജില്ലകളിൽ വിവരങ്ങൾ ഭാഗികമായി മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും കത്തിൽ പറയുന്നു

