എലത്തൂരിൽ തിരഞ്ഞെടുപ്പ് പത്രികയുടെ രസീത് തട്ടിയെടുത്തു; കോഴിക്കോട് കലക്ടറേറ്റിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട് എലത്തൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക പരിശോധനയ്ക്കിടെ രസീത് തട്ടിക്കൊണ്ടുപോയി. എൻസിപിയിലെ ചിഹ്നതർക്കവും അപരൻമാരുടെ സാന്നിധ്യവും മണ്ഡലത്തിൽ രാഷ്ട്രീയ പോര് ശക്തമാക്കുന്നു.

എലത്തൂരിൽ തിരഞ്ഞെടുപ്പ് പത്രികയുടെ രസീത് തട്ടിയെടുത്തു; കോഴിക്കോട് കലക്ടറേറ്റിൽ നാടകീയ രംഗങ്ങൾ
എലത്തൂരിൽ സ്ഥാനാർഥിപ്പട്ടികയിൽ നാടകീയ നീക്കങ്ങൾ; പത്രികയുടെ രസീത് തട്ടിയെടുത്തു; എ.കെ ശശീന്ദ്രന് പുതിയ ചിഹ്നം.

എലത്തൂരിൽ 'ചിഹ്ന'പ്പോര് മുറുകുന്നു: പത്രികയുടെ രസീതുമായി അജ്ഞാതൻ കടന്നുകളഞ്ഞു; കലക്ടറേറ്റിൽ നാടകീയ രംഗങ്ങൾ

​കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ കോഴിക്കോട് കലക്ടറേറ്റിൽ അതീവ നാടകീയ രംഗങ്ങൾ. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥിയായി മത്സരിക്കുന്ന പി.കെ.ശശീന്ദ്രന്റെ പത്രിക അംഗീകരിച്ചതിന് പിന്നാലെ, അതിന്റെ രസീതുമായി അജ്ഞാതൻ കടന്നുകളഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.

​രാവിലെ വരണാധികാരി പി.കെ.ശശീന്ദ്രന്റെ പത്രിക സ്വീകരിച്ചതിനെ എ.കെ.ശശീന്ദ്രൻ വിഭാഗം ശക്തമായി എതിർത്തിരുന്നു. ഇതിനിടെയാണ് പത്രിക സ്വീകരിച്ച രസീത് അജ്ഞാതൻ തട്ടിയെടുത്തത്. സ്വന്തം പാർട്ടിയിലുള്ള ആളല്ല രസീത് കൈപ്പറ്റിയതെന്ന് കാട്ടി പി.കെ.ശശീന്ദ്രൻ വിഭാഗം പരാതി നൽകി. മണ്ഡലത്തിൽ 'ക്ലോക്ക്' ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത് തടയാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് പി.കെ.ശശീന്ദ്രന്റെ അഭിഭാഷകൻ അഡ്വ. റമീസ് ആരോപിച്ചു. സംഭവത്തിൽ ഡപ്യൂട്ടി കലക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, രസീത് നഷ്ടപ്പെട്ടത് സ്ഥാനാർഥിത്വത്തെ ബാധിക്കില്ലെന്ന് റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി.

​ചിഹ്നം മാറ്റി എ.കെ.ശശീന്ദ്രൻ

എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് ഔദ്യോഗിക ചിഹ്നമായ 'ക്ലോക്ക്' അജിത് പവാർ വിഭാഗത്തിന് ലഭിച്ചതോടെ, സിറ്റിങ് എംഎൽഎയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ ഇത്തവണ 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തന്നെയും ഇടതുമുന്നണിയെയും പരാജയപ്പെടുത്താനുള്ള ബാലിശമായ ശ്രമമാണ് അപരനെ നിർത്തി നടത്തുന്നതെന്ന് എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം സ്വാധീനിക്കുന്നതിന്റെ ഉദാഹരണമാണ് ചിഹ്നം അനുവദിച്ചതിലെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.