വിനോദസഞ്ചാരം എല്ലാവരുടെയും അവകാശം തടസ്സരഹിത ടൂറിസത്തിലേക്ക് കേരളമെന്ന് മുഖ്യമന്ത്രി
കേരള ടൂറിസം വകുപ്പും ദി ഹിന്ദു ഗ്രൂപ്പും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച കേരള ഫോർ ഓൾ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരം എല്ലാവരുടെയും അവകാശം': തടസ്സരഹിത ടൂറിസത്തിലേക്ക് കേരളമെന്ന് മുഖ്യമന്ത്രി
കൊച്ചി: വിനോദസഞ്ചാരം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന 'ബാരിയർ ഫ്രീ' (തടസ്സരഹിത) ടൂറിസം പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ടൂറിസം വകുപ്പും ദി ഹിന്ദു ഗ്രൂപ്പും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച 'കേരള ഫോർ ഓൾ' കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൗതികമായ തടസ്സങ്ങൾ നീക്കി വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനസൗഹൃദമാക്കുന്ന പുതിയൊരു സംസ്കാരം കെട്ടിപ്പെടുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ 1.3 ബില്യൺ ഭിന്നശേഷിക്കാരും 1.1 ബില്യൺ വയോജനങ്ങളുമുണ്ടെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന വികസന നയമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെക്കോർഡ് നേട്ടത്തിൽ ടൂറിസം മേഖല
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം മികച്ച വളർച്ചയാണ് കൈവരിച്ചത്. 2024-ൽ രണ്ടേകാൽ കോടിയോളം ആഭ്യന്തര സഞ്ചാരികൾ എത്തിയത് സർവ്വകാല റെക്കോർഡാണ്. ഇതിലൂടെ 49,053 കോടി രൂപ വരുമാനമായി ലഭിച്ചു. കാരവൻ ടൂറിസം, സീ പ്ലെയിൻ, വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ പദ്ധതികൾ സാഹസിക-വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. ഉത്തരവാദിത്വ ടൂറിസത്തിലൂടെ പ്രാദേശിക ജനതയ്ക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സൗഹൃദത്തിന്റെ കേരള മാതൃക
സമൂഹത്തെ മതത്തിൻ്റെ പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ശക്തികളെ ചെറുത്തുനിൽക്കുന്ന കോട്ടയാണ് കേരളമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ പ്രസിദ്ധീകരിച്ച ഹിന്ദു പത്രത്തിൻ്റെ കവർ പേജ് എൻ. റാം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ലിംഗസമത്വം, ഡിജിറ്റൽ ശാക്തീകരണം, ഇൻഫ്രാസ്ട്രക്ചർ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ ആഗോള മാതൃകകൾ ചർച്ച ചെയ്യും. ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, മേയർ അഡ്വ. മിനിമോൾ, ടൂറിസം സെക്രട്ടറി കെ. ബിജു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

