ജനങ്ങളെ വെല്ലുവിളിക്കരുത്, അടിപ്പാത വേണം നടാലിലെ ഗതാഗതക്കുരുക്കിൽ ദേശീയപാത അതോറിറ്റിക്കെതിരെ എം.പിമാരും എം.എൽ.എയും
ദേശീയപാതയിൽ നടാലിൽ അടിപ്പാത നിർമ്മിക്കണമെന്ന ജനകീയ ആവശ്യം പരിഗണിച്ച് സംയുക്ത സംഘം പരിശോധന നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
നടാൽ അടിപ്പാത നിർമ്മാണം: സംയുക്ത പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കും
കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കണമെന്ന ജനകീയ ആവശ്യം അടിയന്തിരമായി പരിഗണിക്കാൻ തീരുമാനം. നിലവിലുള്ള അടിപ്പാതകളുടെ പരിമിതികൾ വിവിധ വകുപ്പ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംയുക്തസംഘം പരിശോധിച്ച ശേഷം സർക്കാരിലേക്ക് എത്രയും വേഗം റിപ്പോർട്ട് നൽകും. ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം.
ദേശീയപാതയിൽ നടാലിൽ അടിപ്പാതയില്ലാത്തത് പ്രദേശവാസികളെയും യാത്രക്കാരെയും വലിയ ദുരിതത്തിലാഴ്ത്തുകയാണ്. നിലവിൽ ബസ്സുകളടക്കമുള്ള വാഹനങ്ങൾ എഴുകിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് സർവീസ് നടത്തുന്നത്. ഇത് വിദ്യാർത്ഥികൾക്കും ആശുപത്രികളിൽ പോകുന്ന രോഗികൾക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടി. ദേശീയപാത നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായും, നിരന്തര ശ്രമങ്ങൾ നടത്തിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്നും പ്രദേശവാസികൾ യോഗത്തെ അറിയിച്ചു.
നിലവിൽ ഈ മേഖലയിൽ അഞ്ച് അടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് ദേശീയപാത അതോറിറ്റി (NHAI) പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇവയിൽ പലതും എമർജൻസി എക്സിറ്റ് എന്ന രീതിയിൽ ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്നവയാണെന്നും, സ്വകാര്യ-കെഎസ്ആർടിസി ബസ്സുകൾ പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ലെന്നും ബസ്സുടമകളുടെ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. നിർമ്മാണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ അടിപ്പാതയടക്കമുള്ള പുതിയ മാറ്റങ്ങൾക്ക് ദേശീയപാത നിർമ്മാണ അതോറിറ്റിയുടെ മുകളിൽ നിന്നുള്ള പുതിയ നിർദ്ദേശങ്ങൾ ആവശ്യമായി വരുമെന്ന് കരാർ കമ്പനി പ്രതിനിധികളും വ്യക്തമാക്കി.
വർഷങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന ഈ ആവശ്യത്തിന് പരിഗണന ലഭിക്കാത്തത് ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. ജനങ്ങളുടെ താല്പര്യം കൂടി സംരക്ഷിച്ചുകൊണ്ടാവണം ദേശീയപാതയുടെ പൂർത്തീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടാൽ അടിപ്പാത നിർമ്മാണം കേവലം ഒരു പ്രദേശത്തിന്റെ പ്രശ്നമായി കാണാതെ ഇതൊരു ജനകീയ വിഷയമായി കാണണമെന്ന് വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു. ജനങ്ങളുടെയും നാടിന്റെയും ആശങ്കകൾ യഥാസമയം ദേശീയപാത അതോറിറ്റി ഉന്നതതലങ്ങളിൽ അറിയിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് ടി.ഒ മോഹനൻ എം.എൽ.എ കുറ്റപ്പെടുത്തി.
നിലവിൽ ഒ.കെ.യുപി സ്കൂളിനും കണ്ണൂർ-തലശ്ശേരി റോഡിനും ഇടയിലുള്ള ഗതാഗത പ്രതിസന്ധി അതിരൂക്ഷമാണ്. ഇതിനുപുറമേ മഴക്കാലം തുടങ്ങിയതോടെ ഇവിടെ വെള്ളക്കെട്ടും പതിവായിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന ബൈപ്പാസുകളും സർവീസ് റോഡുകളും സുഗമമായ ഗതാഗതത്തിന് പര്യാപ്തമല്ല. ചെറുവാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന അടിപ്പാതകൾ കൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്നും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന അടിപ്പാത തന്നെ നിർമ്മിക്കണമെന്നും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.
ജില്ലയിലെ ദേശീയപാത നിർമ്മാണം അതിവേഗം പൂർത്തീകരിക്കേണ്ടതുണ്ടെന്നും അടിപ്പാതയില്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ദേശീയപാത നിർമ്മാണ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകി.
ഇതോടൊപ്പം ചാലക്കുന്നിൽ ദേശീയപാതയ്ക്കായി മണ്ണ് നീക്കിയതുമൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗം ചർച്ച ചെയ്തു. ഇവിടെ യാത്രക്കാർക്കായി ഒരു നടപ്പാലം നിർമ്മിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു വന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, സ്വകാര്യ ബസ്സുടമകളുടെ പ്രതിനിധികൾ, ദേശീയപാത നിർമ്മാണ അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.