തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിരം കൗൺസലിങ് സംവിധാനം വേണം വനിതാ കമീഷൻ ചെയർപേഴ്സൺ പി. സതീദേവി
കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമായി തദ്ദേശ സ്ഥാപന തലത്തിൽ സ്ഥിരം കൗൺസലിങ് സംവിധാനം വേണമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി. കോഴിക്കോട് നടന്ന സിറ്റിങ്ങിൽ 9 പരാതികൾ തീർപ്പാക്കി
തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം കൗണ്‍സലിങ് സംവിധാനം വേണം: വനിതാ കമീഷന്‍
കോഴിക്കോട്: കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സ്ഥിരം കൗണ്‍സലിങ് സംവിധാനം ഒരുക്കണമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ മേഖല ഓഫീസില്‍ നടന്ന വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും പ്രധാന ഇരകള്‍ കുട്ടികളാണെന്ന് ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ ആവശ്യമാണ്. തദ്ദേശ തലത്തിലുള്ള ജാഗ്രതാ സമിതികള്‍ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പല പ്രശ്നങ്ങളും കൃത്യമായ കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാന്‍ സാധിക്കും. ജാഗ്രതാ സമിതികള്‍ക്കായി വനിതാ കമീഷന്‍ നല്‍കിവരുന്ന പരിശീലന പരിപാടികള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സജീവമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാതല സിറ്റിങ്ങില്‍ പരിഗണിച്ച 40 പരാതികളില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ട് കേസുകളില്‍ കക്ഷികളെ തുടര്‍കൗണ്‍സലിങ്ങിനായി ശുപാര്‍ശ ചെയ്തു. ബാക്കി 24 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.
സിറ്റിങ്ങില്‍ വനിതാ കമീഷന്‍ അംഗം അഡ്വ. കുഞ്ഞായിശ, കൗണ്‍സലര്‍ ഡോ. ആര്‍ദ്ര എന്നിവരും പങ്കെടുത്തു പരാതികള്‍ കേട്ടു.