മാലിന്യം തള്ളിയാൽ പണികിട്ടും; കടുത്ത നടപടിയുമായി കളക്ടർ, വെള്ളവും കറന്റും കട്ടാക്കും

ആലപ്പുഴ ജില്ലയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദ്ദേശിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി

മാലിന്യം തള്ളിയാൽ പണികിട്ടും; കടുത്ത നടപടിയുമായി കളക്ടർ, വെള്ളവും കറന്റും കട്ടാക്കും
ഖരമാലിന്യ പരിപാലന ചട്ടം: വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിർദ്ദേശവുമായി ജില്ലാ കളക്ടർ

ഖരമാലിന്യ പരിപാലന ചട്ടം: വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിർദ്ദേശവുമായി ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (swm.cpcb.gov.in) എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദ്ദേശിച്ചു. ഖരമാലിന്യ പരിപാലന ചട്ടം 2026 ജില്ലയിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സെല്ലിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ചട്ടപ്രകാരം നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെ വൈദ്യുതി, ശുദ്ധജല ബന്ധങ്ങൾ വിച്ഛേദിക്കാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ട്.

​ആരാണ് ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ?

താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവരെയാണ് വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവരായി (Bulk Waste Generators) കണക്കാക്കുന്നത്:

​20,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ / സമുച്ചയങ്ങൾ.

​പ്രതിദിനം 40,000 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നവർ.

​പ്രതിദിനം 100 കിലോഗ്രാമിലധികം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ.

​ഖരമാലിന്യ പരിപാലന ചട്ടങ്ങൾ ജില്ലയിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ കർശനമായ പ്രത്യേക പരിശോധനകൾ നടത്താനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

​മാലിന്യക്കൂമ്പാരങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കും

ജില്ലയിൽ കണ്ടെത്തിയിട്ടുള്ള മൂന്ന് പ്രധാന മാലിന്യക്കൂമ്പാരങ്ങൾ ശാസ്ത്രീയമായ ബയോ-മൈനിംഗ് പ്രക്രിയയിലൂടെ അടിയന്തരമായി ഇല്ലാതാക്കാൻ യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിലെ സർവോദയപുരം, കായംകുളം മുരിക്കുംമൂട്, മാവേലിക്കര നഗരസഭയിലെ പുതിയകാവ് എന്നിവിടങ്ങളിലാണ് നിലവിൽ മാലിന്യക്കൂമ്പാരങ്ങൾ ഉള്ളത്.

​ഇതിൽ സർവോദയപുരത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ 60 ശതമാനത്തോളം പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ആർ. സുമേഷ് യോഗത്തെ അറിയിച്ചു. മാവേലിക്കരയിൽ സംസ്കരണ നടപടികൾ പുരോഗമിക്കുകയാണെന്നും കായംകുളത്ത് ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​സുപ്രീംകോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടർ ചെയർമാനായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറായും ഈ പ്രത്യേക ദൗത്യസംഘം (സ്പെഷ്യൽ സെൽ) രൂപീകരിച്ചിട്ടുള്ളത്. പതിനാലോളം വിവിധ വകുപ്പ് മേധാവികൾ ഈ സെല്ലിൽ അംഗങ്ങളാണ്.

​കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, എൻവയോൺമെന്റൽ എൻജിനീയർ ആർ. സരിത, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജീവ് ചെറിയാൻ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.