വനിതാ സംവരണ ബിൽ ലോക്സഭയിൽ വോട്ടെടുപ്പ് ഇന്ന് സഭയിൽ പ്രതിഷേധം, ഉറ്റുനോക്കി രാജ്യം
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ബിജെഡി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു.
വനിതാ സംവരണ ബിൽ: ലോക്സഭയിൽ വോട്ടെടുപ്പ് ഇന്ന്; സഭയിൽ പ്രതിഷേധം, ഉറ്റുനോക്കി രാജ്യം
ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ നിർണായക വോട്ടെടുപ്പ് ഇന്ന് നടക്കും. വൈകുന്നേരം നാല് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ ഹാജരുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിൽ പാസാകാൻ അനിവാര്യമാണ്.
ഇന്ന് രാവിലെ സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. എന്നാൽ, "ഇന്ന് വനിതകളുടെ ദിനമാണ്" (ആജ് മഹിളോം കാ ദിൻ ഹേ) എന്ന് ഓർമ്മിപ്പിച്ച സ്പീക്കർ ഓം ബിർല, പ്രതിഷേധം അവസാനിപ്പിച്ച് ഇരിക്കാൻ അംഗങ്ങളോട് നിർദേശിച്ചു. വോട്ടെടുപ്പ് മുന്നിൽ കണ്ട് എല്ലാ എംപിമാരോടും സഭയിൽ ഹാജരാകാൻ രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
മണ്ഡല പുനർനിർണയത്തിന് ശേഷം എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം 50% വർധിക്കുമെന്നും അതിനാൽ നിലവിലെ അംഗങ്ങളുടെ പ്രാതിനിധ്യത്തെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നിരയിൽ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്. അതേസമയം ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിൽ പാസാകാത്ത സാഹചര്യം ഉണ്ടായാൽ അത് പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ പ്രചാരണായുധമാക്കാനാണ് ബിജെപി നീക്കം.