​കാർഷിക മേഖലയിൽ 2365 കോടിയുടെ കേര പദ്ധതി മന്ത്രി പി. പ്രസാദ്

കാർഷിക മേഖലയിലെ കാലാവസ്ഥാ വെല്ലുവിളികൾ നേരിടാൻ ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി പ്രഖ്യാപിച്ച് കൃഷിമന്ത്രി പി. പ്രസാദ്. ഹരിതം 2026 ജില്ലാ കാർഷികോത്സവത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

​കാർഷിക മേഖലയിൽ 2365 കോടിയുടെ കേര പദ്ധതി മന്ത്രി പി. പ്രസാദ്
​കാർഷിക മേഖലയിൽ 2365 കോടിയുടെ 'കേര' പദ്ധതി: മന്ത്രി പി. പ്രസാദ്

​കൊട്ടാരക്കര: കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ നേരിടുന്നതിനായി ലോക ബാങ്കിന്റെ സഹായത്തോടെ 2365 കോടി രൂപയുടെ 'കേര' (KERA) പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയതായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (VFPCK) നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷികോത്സവം 'ഹരിതം 2026'-ന്റെ സമാപന സമ്മേളനം പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​കേരളത്തിലെ ഉയർന്ന ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണനം ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. "സംസ്ഥാനത്തെ 1074 കൃഷിഭവനുകൾ വഴി ശേഖരിക്കുന്ന 4000-ത്തോളം മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് 'കേരള ഗ്രോ' ബ്രാൻഡിലൂടെ വിറ്റഴിക്കുന്നത്. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ട്. വൈഗ മീറ്റിലൂടെ മാത്രം 347 കോടി രൂപയുടെ വിപണനം ഉറപ്പാക്കാൻ സാധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പഴം-പച്ചക്കറി ഉൽപാദനം 6 ലക്ഷം ടണ്ണിൽ നിന്ന് 19.6 ലക്ഷം ടണ്ണായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

​ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി മേഖലയുടെ ആധുനികവൽക്കരണത്തിനായി ബജറ്റിൽ അഞ്ച് കോടി രൂപ റീഫ്രിജറേറ്റഡ് ഗോഡൗണുകൾക്കായി വകയിരുത്തിയതായും ന്യൂട്രാസ്യൂട്ടിക്കൽസ് ഗവേഷണത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. മികച്ച കർഷകർക്കുള്ള പുരസ്കാര വിതരണവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

​കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വി.എഫ്.പി.സി.കെ ഭാരവാഹികളും ഉദ്യോഗസ്ഥരും കർഷകരും പരിപാടിയിൽ സംബന്ധിച്ചു.