അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ മലയാള ചിത്രം എ പ്രെഗ്നന്റ് വിഡോ റ്റ്വിങ്കിൾ ജോബി മികച്ച നടി
ഉണ്ണി കെ ആർ സംവിധാനം ചെയ്ത എ പ്രെഗ്നന്റ് വിഡോ പൂനെ, മധ്യപ്രദേശ്, രാജസ്ഥാൻ, ശ്രീലങ്ക ചലച്ചിത്ര മേളകളിൽ മികച്ച പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
ദേശീയ ചലച്ചിത്ര വേദികളിൽ തിളങ്ങി മലയാള ചിത്രം 'എ പ്രെഗ്നന്റ് വിഡോ'; നടി റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടി ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ
പൂനെ/ഭോപ്പാൽ: രാജ്യാന്തര ചലച്ചിത്ര മേളകളിൽ മികച്ച നേട്ടം കൈവരിച്ച് ഉണ്ണി കെ.ആർ സംവിധാനം ചെയ്ത മലയാള സിനിമ 'എ പ്രെഗ്നന്റ് വിഡോ'. പൂനെയിൽ നടന്ന ബുദ്ധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മധ്യപ്രദേശിലെ വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രം, മികച്ച നടി ഉൾപ്പെടെയുള്ള പ്രധാന പുരസ്‌കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി.
പൂനെ ബുദ്ധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം 'എ പ്രെഗ്നന്റ് വിഡോ' നേടിയപ്പോൾ, ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ റ്റ്വിങ്കിൾ ജോബി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ഇതിനു പുറമെ, മധ്യപ്രദേശിൽ നടന്ന ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നാഷണൽ കാറ്റഗറിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരവും റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു.
മറ്റു പ്രമുഖ പുരസ്‌കാരങ്ങൾ:
ജയിപ്പൂർ അമോദിനി ഫിലിം ഫെസ്റ്റിവൽ: മികച്ച നടി (റ്റ്വിങ്കിൾ ജോബി), മികച്ച തിരക്കഥ (രാജേഷ് തില്ലങ്കേരി).
ശ്രീലങ്ക സിലോൺ ഫിലിം ഫെസ്റ്റിവൽ (2026): മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം, മികച്ച തിരക്കഥ (രാജേഷ് തില്ലങ്കേരി).
കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ചലച്ചിത്ര മേളകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗർഭിണിയായ വിധവ തന്റെ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.
വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ചിത്രം ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരി തിരക്കഥയും സംഭാഷണവും ഒരുക്കി. സാംലാൽ പി. തോമസാണ് ഛായാഗ്രഹണം.
ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.