അവഗണനയുടെ നാളുകൾ കഴിഞ്ഞു; ‘അമ്മ കന്റീനുകൾ’ പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്, ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം നടപടി

തമിഴ്‌നാട്ടിൽ മുൻ സർക്കാർ അവഗണിച്ച അമ്മ കന്റീനുകൾ പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി വിജയിയുടെ അടിയന്തര ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തി നവീകരണം തുടങ്ങി; ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി പരിശോധന നടത്തി.

അവഗണനയുടെ നാളുകൾ കഴിഞ്ഞു; ‘അമ്മ കന്റീനുകൾ’ പുനരുജ്ജീവിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്, ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം നടപടി
‘അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി ജോസഫ് വിജയ് തമിഴ്നാട് സർക്കാർ

​ചെന്നൈ: സംസ്ഥാനത്തെ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്ന ‘അമ്മ കന്റീനു’കൾക്ക് (Amma Canteen) പുതുജീവൻ നൽകി പുതിയ ജോസഫ് വിജയ് സർക്കാർ. തമിഴ്‌നാട്ടിലെമ്പാടുമുള്ള 620 നഗരപ്രദേശങ്ങളിലെ കന്റീനുകളാണ് മുൻ സർക്കാരിന്റെ കാലത്തെ അവഗണനയെത്തുടർന്ന് നിർജീവാവസ്ഥയിലായിരുന്നത്. പുതിയ ടിവികെ (TVK) സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇവയെല്ലാം അടിയന്തരമായി പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു.

​സംസ്ഥാനത്തുള്ള എല്ലാ അമ്മ കന്റീനുകളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി ഫണ്ട് വകയിരുത്തി നവീകരണ പ്രവർത്തനങ്ങൾ ഉടൻതന്നെ പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിർദേശം. ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ നാമമാത്രമായി പ്രവർത്തിച്ചിരുന്ന കന്റീനുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് ജീവൻവച്ചു.

​അവഗണനയുടെ നാളുകൾ മാറി മറിയുന്നു

​മുൻ മുഖ്യമന്ത്രി ജയലളിത 2013-ലാണ് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മൂന്നുനേരവും ഭക്ഷണം നൽകാനായി അമ്മ കന്റീനുകൾ ആരംഭിച്ചത്. ഒരു രൂപയ്ക്ക് ഇഡ്ഡലി, 3 രൂപയ്ക്ക് തൈര് സാദം, 5 രൂപയ്ക്ക് സാമ്പാർ സാദം എന്നിങ്ങനെയായിരുന്നു നിരക്കുകൾ. പലയിടങ്ങളിലും വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഈ പദ്ധതി വിജയകരമായി മുന്നോട്ടുപോയത്.

​എന്നാൽ പിന്നീട് വന്ന ഡിഎംകെ ഭരണസമിതികൾ ഫണ്ട് വകയിരുത്താതിരുന്നതോടെ കന്റീനുകളുടെ പ്രവർത്തനം താളംതെറ്റി. അറ്റകുറ്റപ്പണികൾ ഇല്ലാതെ ഉപകരണങ്ങൾ നശിക്കുകയും ഭക്ഷണത്തിന്റെ നിലവാരം കുറയുകയും ചെയ്തതോടെ ഉദ്യോഗസ്ഥരും ഇതിൽ താല്പര്യം കാട്ടാതായി.

​ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി പരിശോധന നടത്തി

​മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ തന്നെ യോഗം വിളിച്ചു ചേർക്കുകയും കമ്മിഷണറുടെ നേതൃത്വത്തിൽ കന്റീനുകൾ നേരിട്ട് പരിശോധിച്ച് ഭക്ഷണനിലവാരം ഉറപ്പുവരുത്തുകയും ചെയ്തു.

​പല കന്റീനുകളിലും ശുദ്ധജല ടാപ്പുകളിൽ ഘടിപ്പിച്ചിരുന്ന ഫിൽറ്ററുകൾ പ്രവർത്തിച്ചിരുന്നില്ല. ഉപയോഗശൂന്യമായ പാത്രങ്ങൾ, പ്രവർത്തിക്കാത്ത ഫാനുകൾ, ടാപ്പുകൾ തുടങ്ങിയവ കണ്ടെത്തി അടിയന്തരമായി മാറ്റാൻ കോർപറേഷൻ കമ്മിഷണർ നിർദേശം നൽകി.

​കോർപറേഷൻ കമ്മിഷണറുടെ ഓഫിസിനു പിറകിലുള്ള അമ്മ കന്റീൻ, സർക്കാർ മെഡിക്കൽ കോളജ്, മേട്ടുപ്പാളയം റോഡിലെ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കന്റീനുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും ഭക്ഷണം കഴിക്കാനെത്തിയവരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ തേടുകയും ചെയ്തു. കന്റീനുകളിലേക്ക് ആവശ്യമുള്ള പുതിയ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉടൻ തന്നെ വാങ്ങി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ കന്റീനുകളും പൂർണ്ണ സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ