ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കണം, അതെന്റെ വലിയ ആഗ്രഹം സുരേഷ് ഗോപി

​ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന പുരസ്‌കാരദാന ചടങ്ങിലായിരുന്നു മന്ത്രിയുടെ മനസ്സ് തുറന്നുള്ള പ്രതികരണം.

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കണം, അതെന്റെ വലിയ ആഗ്രഹം സുരേഷ് ഗോപി
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കണം, അതെന്റെ വലിയ ആഗ്രഹം: സുരേഷ് ഗോപി

​കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിനപ്പുറം താൻ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ 'ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്' സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തമാശ കലർന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. "ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായി പോയി എന്ന് വാർത്ത നൽകും. ഇതൊക്കെ വലിയ പുകിലാക്കി മാറ്റും," സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണമെന്ന തന്റെ മുൻപത്തെ പ്രസ്താവനയും ചടങ്ങിൽ പരാമർശിക്കപ്പെട്ടു.

​സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിയിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ചും മന്ത്രി വാചാലനായി. ഇന്നത്തെ കാലത്ത് സ്ത്രീകൾ വികസനത്തിന്റെ വെറും ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശിൽപികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ രാജ്യത്തിന്റെ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

​വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കുള്ള പുരസ്‌കാരങ്ങൾ കേന്ദ്രമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.