സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ രണ്ടാമത് കനിവ് ഭവനം സമർപ്പിച്ചു താക്കോൽദാനം പി.ആർ. മുരളീധരൻ നിർവ്വഹിച്ചു
സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്മടങ്ങിൽ നിർമ്മിച്ച് നൽകിയ രണ്ടാമത് ‘കനിവ്’ ഭവനത്തിന്റെ താക്കോൽദാനം നടന്നു.
സിപിഐ എം നിർമ്മിച്ചു നൽകിയ ‘കനിവ്’ ഭവനം കൈമാറി; ഷാജിക്കും കുടുംബത്തിനും ഇനി സുരക്ഷിത തണൽ
മൂവാറ്റുപുഴ: സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ കീഴ്മടങ്ങ് തേക്കുംകാട്ടിൽ ഷാജിയും കുടുംബവും. സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്മടങ്ങിൽ നിർമ്മിച്ച് നൽകിയ രണ്ടാമത് ‘കനിവ്’ ഭവനത്തിന്റെ താക്കോൽദാനം നടന്നു. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡിൽ 15 വയസ്സുള്ള മകളോടൊപ്പം ദുരിതജീവിതം നയിച്ചിരുന്ന ഷാജി-മേരി ദമ്പതികൾക്കാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീട് ഒരുക്കി നൽകിയത്.
ഏകദേശം 3.75 ലക്ഷം രൂപ ചെലവഴിച്ചാണ് 380 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ വീടിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്‌ക്കരൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ബ്രാഞ്ച് സെക്രട്ടറി ബെന്നി വർഗീസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ആർ. സജിമോൻ, സി.ആർ. ജനാർദൻ, കെ.എസ്. നിഷാദ്, പി.എൻ. സോജിൽ എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മയിലൂടെ നിർധനർക്ക് കൈത്താങ്ങാവുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് താക്കോൽദാനം നിർവ്വഹിച്ച് പി.ആർ. മുരളീധരൻ പറഞ്ഞു.