പെൺമ 2026 എറണാകുളത്ത് വനിതാ ദിനാഘോഷവും സ്വയംരക്ഷാ പരിശീലനവും
എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും വൈഎംസിഎയും ചേർന്ന് സംഘടിപ്പിച്ച പെൺമ 2026 വനിതാ ദിനാഘോഷം ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു. സ്വയംരക്ഷാ പരിശീലനവും യോഗയും പരിപാടിയുടെ ഭാഗമായി.
പെൺകരുത്തിന്റെ വിളംബരമായി ‘പെൺമ 2026’; എറണാകുളത്ത് വനിതാ ദിനാഘോഷം ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു
എറണാകുളം: സ്ത്രീശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെയും വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘പെൺമ 2026’ സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു.
ശാരീരികവും മാനസികവുമായ കരുത്ത് നേടിയെടുക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ കഴിയൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
കരുത്തായി സ്വയംരക്ഷാ പരിശീലനം
പരിപാടിയുടെ പ്രധാന ആകർഷണം സ്ത്രീകൾക്കായി സംഘടിപ്പിച്ച സ്വയംരക്ഷാ പരിശീലനമായിരുന്നു. എ.എസ്.ഐ. ലിസ്സി മത്തായിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ അക്രമികളെ എങ്ങനെ നേരിടണമെന്നും ജാഗ്രതാ മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കണമെന്നും സ്ത്രീകൾക്ക് പ്രായോഗിക പരിശീലനം നൽകി.
ആരോഗ്യത്തിന് യോഗ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ ചാപ്റ്റർ പ്രതിനിധി ഡോക്ടർ ദിവ്യ ദാമോദരന്റെ നേതൃത്വത്തിൽ യോഗാ പരിശീലനവും നടന്നു. തിരക്കേറിയ ജീവിതശൈലിക്കിടയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ശാരീരികക്ഷമത നിലനിർത്താനും സഹായിക്കുന്ന വിവിധ യോഗാസനങ്ങളും ശ്വാസാഭ്യാസങ്ങളും പരിപാടിയിൽ പങ്കെടുത്തവർ പരിശീലിച്ചു.
ചടങ്ങിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ആർ. രജിത, വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട്, പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ എബ്രഹാം സൈമൺ വി., ട്രഷറർ സി.എ. റെജി എ. ജോർജ്, സുനിൽ മാത്യു, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ റ്റി. മാണി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 102 സി.ഡി.എസ്-കളിൽ നിന്നുള്ള എഫ്.എൻ.എച്ച്.ഡബ്ല്യു റിസോഴ്സ് പേഴ്സൺമാരും സ്നേഹിത ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻ ജനപങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
