ശബരി റെയിൽ ഭൂമി വിട്ടുനൽകിയവർക്ക് ആശ്വാസം പെരുമ്പാവൂരിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ.

ശബരി റെയിലിനായി ഭൂമി വിട്ടുനൽകി 27 വർഷമായി കാത്തിരിക്കുന്ന പെരുമ്പാവൂർ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം. പ്ലൈവുഡ്, അരി വ്യവസായങ്ങൾക്കും അതിഥി തൊഴിലാളികൾക്കും പദ്ധതി ഗുണകരമാകും.

ശബരി റെയിൽ ഭൂമി വിട്ടുനൽകിയവർക്ക് ആശ്വാസം പെരുമ്പാവൂരിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ.
ശബരി റെയിൽ: ഭൂമി വിട്ടുനൽകിയവർക്ക് ആശ്വാസം; പെരുമ്പാവൂരിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ.

ശബരി റെയിൽ: രണ്ടര പതിറ്റാണ്ടിലെ ദുരിതത്തിന് അന്ത്യം; ഭൂമി വിട്ടുനൽകിയവർ ഇനി ആശ്വാസത്തിന്റെ ട്രാക്കിൽ

​പെരുമ്പാവൂർ: ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകി 27 വർഷമായി കാത്തിരിക്കുന്ന പെരുമ്പാവൂർ മേഖലയിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസകാലം. പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ദുരിതത്തിലായ കുടുംബങ്ങൾക്കാണ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ പ്രതീക്ഷ നൽകുന്നത്. പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ചേലാമറ്റം, ഒക്കൽ, കൂവപ്പടി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ വില്ലേജുകളിലെ ജനങ്ങളാണ് പതിറ്റാണ്ടുകളായി വീടും സ്ഥലവും പണയപ്പെടുത്താനോ വിൽക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നത്.

​വീടിന്റെ ചുമരുകളിൽ 'റെയിൽവേ ഭൂമി' എന്ന് അടയാളപ്പെടുത്തിയതോടെ മകളുടെ വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി പോലും ലോൺ എടുക്കാൻ കഴിയാതെ പലരും വലഞ്ഞു. "27 വർഷമായി ദുരിതം തുടങ്ങിയിട്ട്. 15 സെന്റ് സ്ഥലവും വീടും വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇനി അതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് ഒക്കൽ സ്വദേശി എം.പി. വിശ്വനാഥൻ നായർ പറഞ്ഞു.

​വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ്

​ശബരി റെയിൽ യാഥാർഥ്യമാകുന്നതോടെ പെരുമ്പാവൂർ, ഒക്കൽ, കാലടി മേഖലകളിലെ പ്ലൈവുഡ്, അരി വ്യവസായങ്ങൾക്ക് വലിയ കുതിച്ചുചാട്ടമുണ്ടാകും. നിലവിൽ റോഡ് മാർഗമുള്ള ചരക്കുനീക്കം ഭാരിച്ച ചെലവുള്ളതാണ്. ട്രെയിൻ സൗകര്യം വരുന്നതോടെ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനും ഉൽപ്പന്നങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിനും വലിയ സൗകര്യമാകും.

​കൂടാതെ, പെരുമ്പാവൂരിലെ തൊഴിൽ മേഖലയെ താങ്ങിനിർത്തുന്ന അതിഥി തൊഴിലാളികൾക്കും റെയിൽവേ സ്റ്റേഷൻ വലിയ അനുഗ്രഹമാകും. നിലവിൽ ആലുവയിലോ അങ്കമാലിയിലോ ഇറങ്ങി വേണം തൊഴിലാളികൾക്ക് പെരുമ്പാവൂരിലെത്താൻ. സ്റ്റേഷൻ വരുന്നതോടെ യാത്ര ക്ലേശത്തിന് പരിഹാരമാകും.