വി ഡി സതീശൻ ലീഗിനെ പ്രീണിപ്പിക്കുന്നു
വി.ഡി. സതീശൻ ലീഗിനെ പ്രീണിപ്പിക്കുന്നു യുഡിഎഫ് വന്നാൽ ഭരണം ലീഗിന്റേതാകും വെള്ളാപ്പള്ളി നടേശൻ
വി.ഡി. സതീശൻ ലീഗിനെ പ്രീണിപ്പിക്കുന്നു; യുഡിഎഫ് വന്നാൽ ഭരണം ലീഗിന്റേതാകും: വെള്ളാപ്പള്ളി നടേശൻ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്‍ലിം ലീഗിനുമെതിരെ കടുത്ത വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്‍ലിം ലീഗായിരിക്കുമെന്നും, അവരെ പ്രീണിപ്പിച്ച് മുഖ്യമന്ത്രിയാകാനാണ് സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വാഹനത്തിൽ താൻ കയറിയതിനെ പരിഹസിച്ച വി.ഡി. സതീശനെ ഊളമ്പാറയിലേക്ക് അയക്കണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഒരു പിന്നാക്കക്കാരനായ മുഖ്യമന്ത്രി തന്നെപ്പോലൊരു പിന്നാക്കക്കാരനെ വണ്ടിയിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള സതീശന്റെ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസുമായി ഇനി ഏറ്റുമുട്ടലില്ല
മുന്നാക്ക-പിന്നാക്ക സംവരണ വിഷയത്തിൽ എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിലടിപ്പിച്ചത് മുസ്‍ലിം ലീഗാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തങ്ങളെ മുന്നിൽ നിർത്തി സമരം ചെയ്യിച്ച ലീഗ് അധികാരം കിട്ടിയപ്പോൾ ചതിക്കുകയായിരുന്നു. പല തിരിച്ചറിവുകളും ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും, എൻഎസ്എസ് നേതൃത്വവുമായി ഇനി ഒരു കൊമ്പുകോർക്കലിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപിക്ക് ഇനി എൻഎസ്എസുമായി പിണങ്ങിപ്പോകുന്ന നയം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം പ്രസംഗവും വേട്ടയാടലും
പിണറായി സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് കലാപങ്ങളുണ്ടായിട്ടില്ല. എന്നാൽ തന്നെ മലപ്പുറം പ്രസംഗത്തിന്റെ പേരിൽ വേട്ടയാടി വീണ്ടും കലാപമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. താൻ ഒരു സമുദായത്തിനും എതിരല്ല, മറിച്ച് ലീഗിന്റെ പ്രവൃത്തികളെയാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 21ന് ആലപ്പുഴയിൽ ചേരുന്ന എസ്എൻഡിപി ഭാരവാഹികളുടെ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

