കാപ്പ ചുമത്തി ജയിലിൽ
കൊലപാതകക്കേസ് പ്രതി ലിബിൻ ബെന്നി കാപ്പ ചുമത്തി ജയിലിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി
കൊലപാതകക്കേസ് പ്രതി ലിബിൻ ബെന്നി കാപ്പ ചുമത്തി ജയിലിൽ
മൂവാറ്റുപുഴ: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഞ്ഞള്ളൂർ കാപ്പ് കരയിൽ വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (36) യെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2024 നവംബറിൽ ഐരാപുരം സ്വദേശി പ്രസാദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ലിബിൻ. കൂടാതെ കൂത്താട്ടുകുളം, കുറുപ്പംപടി, കുന്നത്തുനാട്, കുളമാവ്, കട്ടപ്പന എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധിക്കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ കൂത്താട്ടുകുളത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഇയാൾ, ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ വാഴക്കുളം സബ് ഇൻസ്പെക്ടർമാരായ കെ.പി. സിദ്ദിഖ്, പി.എസ്. ജോജി, എ.എസ്.ഐമാരായ എ.പി. ഷിനോജ്, ജോബി ജോൺ, സിവിൽ പോലീസ് ഓഫീസർമാരായ വി.എം. ഷഫീക്ക്, ടി.എൻ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

