നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിയമസഭാ സമ്മേളനം
കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം; നയപ്രഖ്യാപന പ്രസംഗം ഗവർണർ വെട്ടിച്ചുരുക്കിയേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിയിട്ടുണ്ടെങ്കിലും, ഗവർണർ രാജേന്ദ്ര അർലേക്കർ ഈ ഭാഗങ്ങൾ സഭയിൽ വായിക്കാൻ സാധ്യതയില്ല.
വായ്പാ പരിധി വെട്ടിക്കുറച്ചത് ഉൾപ്പെടെയുള്ള നടപടികളിലൂടെ കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുകയാണെന്ന രൂക്ഷമായ വിമർശനമാണ് പ്രസംഗത്തിലുള്ളത്. എന്നാൽ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി ഗവർണർ പ്രസംഗം വായിക്കാനാണ് സാധ്യത. ഗവർണർ സഭയിൽ വായിക്കാത്ത ഭാഗങ്ങളും സഭാ രേഖകളുടെ ഭാഗമായി മാറും.
കഴിഞ്ഞ വർഷം മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെറും 78 സെക്കൻഡ് മാത്രം പ്രസംഗിച്ച് സഭാചരിത്രത്തിൽ റെക്കോർഡ് ഇട്ടിരുന്നു. 63 പേജുള്ള പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രമാണ് അന്ന് അദ്ദേഹം വായിച്ചത്. ഇതിനു മുൻപ് 1982-ൽ ജ്യോതി വെങ്കിടാചലം നടത്തിയ 4 മിനിറ്റ് പ്രസംഗമായിരുന്നു ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം.
സഭാ കലണ്ടർ ഒറ്റനോട്ടത്തിൽ:
ജനുവരി 20: ഗവർണറുടെ നയപ്രഖ്യാപനം.
ജനുവരി 29: 2026-27 വർഷത്തേക്കുള്ള സമ്പൂർണ്ണ ബജറ്റ് അവതരണം.
ഫെബ്രുവരി 2 - 5: ബജറ്റ് ചർച്ചയും വോട്ടെടുപ്പും.
ഫെബ്രുവരി 6 - 22: സഭയ്ക്ക് അവധി.
സമ്മേളനം അവസാനിക്കുന്നത്: മാർച്ച് 26.

