ചെന്നൈയിൽ വൻ ലഹരിവേട്ട 6 മലയാളി ഐടി ജീവനക്കാർ പിടിയിൽ

തായ്‌ലൻഡിൽ നിന്നും വിമാനമാർഗ്ഗം ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിൽ

ചെന്നൈയിൽ വൻ ലഹരിവേട്ട 6 മലയാളി ഐടി ജീവനക്കാർ പിടിയിൽ
ചെന്നൈയിൽ വൻ ലഹരിവേട്ട 6 മലയാളി ഐടി ജീവനക്കാർ പിടിയിൽ

​ചെന്നൈ: തായ്‌ലൻഡിൽ നിന്ന് വിമാനമാർഗ്ഗം ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന അതീവ വീര്യമുള്ള ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ലഹരിമരുന്നാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ ആറുപേരും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

​രണ്ട് വ്യത്യസ്ത സംഘങ്ങളായാണ് ഇവർ തായ്‌ലൻഡിൽ നിന്നും എത്തിയത്. ആദ്യം എത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇവരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി അതീവ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 15 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇതിന് മാത്രം ഏകദേശം 15 കോടി രൂപ വിലവരും.

​തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ, ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്ന് തന്നെയെത്തിയ മറ്റ് രണ്ട് മലയാളി യുവാക്കളെ കൂടി കസ്റ്റംസ് പരിശോധിച്ചു. ഇവരുടെ പക്കൽ നിന്നും 8 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. ആകെ 23 കിലോ ലഹരിമരുന്നാണ് രണ്ട് കേസുകളിലായി പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്