തിരഞ്ഞെടുപ്പ് പരാജയം സി.പി.എം ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനും പി. രാജീവിനുമെതിരെ കടുത്ത അതൃപ്തി
സംസ്ഥാനത്തുണ്ടായ സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവും ആത്മപരിശോധനയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും എറണാകുളത്ത് മുൻ മന്ത്രി പി. രാജീവിന്റെ ഏകാധിപത്യ നിലപാടുകളുമാണ് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്ന് വിവിധ ജില്ലാ കമ്മിറ്റികൾ വിലയിരുത്തി.
സി.പി.എം ജില്ലാ കമ്മിറ്റികളിൽ കടുത്ത ആത്മപരിശോധന; പിണറായിക്കും പി. രാജീവിനുമെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവും ആത്മപരിശോധനയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും എറണാകുളത്ത് മുൻ മന്ത്രി പി. രാജീവിന്റെ ഏകാധിപത്യ നിലപാടുകളുമാണ് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്ന് വിവിധ ജില്ലാ കമ്മിറ്റികൾ വിലയിരുത്തി.
എറണാകുളം ജില്ലയിലുണ്ടായ കനത്ത പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മന്ത്രി പി. രാജീവിനാണെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. ജില്ലയിൽ രാജീവിന്റെ ഏകാധിപത്യ ശൈലിയാണ് നിലനിൽക്കുന്നത്. സ്ഥാനാർത്ഥി പട്ടിക പാർട്ടിക്ക് മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റേയും പ്രവർത്തന ശൈലിയും തിരിച്ചടിയായി. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ജനങ്ങൾ ലാളിത്യമാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും ജനങ്ങളെ പ്രകോപിപ്പിച്ചതായും യോഗം വിലയിരുത്തി.
സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമല്ല, മറിച്ച് പാർട്ടി നേതൃത്വത്തിന്റെ മോശം പെരുമാറ്റമാണ് പരാജയത്തിന് കാരണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. മാധ്യമപ്രവർത്തകരോട് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തിനാണെന്നും, നിയമസഭയിലെ ചോദ്യങ്ങളെ കേട്ടില്ലെന്ന് നടിച്ചുകൂടായിരുന്നോ എന്നും യോഗത്തിൽ ചോദ്യമുയർന്നു. ഒരു വിഭാഗം ഭരണത്തിന്റെ സുഖം അനുഭവിച്ചപ്പോൾ, സാധാരണക്കാരായ പാർട്ടി പ്രവർത്തകർ അസംതൃപ്തരായത് കണ്ണൂരിൽ തിരിച്ചടിയായി. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടുപോയത് തടയാൻ നേതാക്കൾ ശ്രമിച്ചില്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മാറ്റണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചത് അവരെ രാഷ്ട്രീയമായി 'കുരുതി കൊടുക്കുന്നതിന്' തുല്യമായിപ്പോയെന്ന് കണ്ണൂരിൽ വിമർശനമുയർന്നു. പേരാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു മത്സരിക്കേണ്ടിയിരുന്നത്.
അതേസമയം, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കെതിരെ കടുത്ത അമർഷം പുകഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് പാർട്ടി ഓഫീസുകൾ അന്യമായി മാറിയെന്ന് യോഗം കുറ്റപ്പെടുത്തി. വിവിധ ബോർഡുകളിൽ യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റിയത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായതായും കൊല്ലം കമ്മിറ്റി വിലയിരുത്തി