​കേരള മന്ത്രിസഭാ രൂപീകരണം 2026 കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും ഘടകകക്ഷികളിൽ ചർച്ച നീളുന്നു

കേരളത്തിൽ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നീളുന്നു. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും അന്തിമ തീരുമാനമായില്ല.

​കേരള മന്ത്രിസഭാ രൂപീകരണം 2026 കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും ഘടകകക്ഷികളിൽ ചർച്ച നീളുന്നു
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഘടകകക്ഷികളുടെ വകുപ്പുകളുടെ കാര്യത്തിലും ഇപ്പോഴും പൂർണ്ണമായ തീരുമാനമായിട്ടില്ല. വകുപ്പ് വിഭജനവും മന്ത്രിമാരുടെ ടേം വ്യവസ്ഥയുമാണ് ചർച്ചകൾ നീളാൻ കാരണം.

​നിലവിൽ രമേശ് ചെന്നിത്തല ഉൾപ്പെടെ ഏഴുപേരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, എ.ലിജു, ചാണ്ടി ഉമ്മൻ എന്നിവരാണ് ഈ പട്ടികയിലുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെ ആകെ 12 പേർ കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിമാരുടെ ഫൈനൽ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി വ്യക്തമാക്കി.

​മുസ്‌ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, പാറക്കൽ അബ്ദുള്ള, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർക്കാണ് സാധ്യത. കെ.എം. ഷാജി, എ.കെ.എം. അഷറഫ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

​എന്നാൽ മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ ടേം വ്യവസ്ഥയും വകുപ്പുകളുമാണ് പ്രധാന തടസ്സം

​കേരള കോൺഗ്രസ്: മൂന്ന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും എന്ന കോൺഗ്രസ് ഓഫർ അവർ നിരസിച്ചു. കൃഷി വകുപ്പ് നൽകാമെന്ന് പറഞ്ഞെങ്കിലും പ്രധാന വകുപ്പ് വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.

​മാണി സി. കാപ്പൻ & അനൂപ് ജേക്കബ്: ടേം വ്യവസ്ഥയിൽ മന്ത്രിയാകുന്നതിനോട് ഇരുവരും കടുത്ത അതൃപ്തി അറിയിച്ചു. ടേം വ്യവസ്ഥ നിർബന്ധമാണെങ്കിൽ ആദ്യ ടേം തന്നെ വേണമെന്നാണ് മാണി സി. കാപ്പന്റെ ആവശ്യം.

സി.പി. ജോൺ: ഫുൾ ടേം മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

​ആർ.എസ്.പി: ജലവിഭവ വകുപ്പ് വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. ഇതിൽ കേരള കോൺഗ്രസുമായി ആലോചിച്ച് മറുപടി നൽകാമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്.

​സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമവായത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം.