കാശ്മീർ ഭീകരാക്രമണവും എൻ.ഐ.എ അന്വേഷണവും ജയസൂര്യയുടെ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ഓപ്പറേഷൻ ത്രാൾ കൊച്ചിയിൽ തുടങ്ങി
ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. എൻ.ഐ.എ പശ്ചാത്തലത്തിലുള്ള സിനിമയുടെ വിശേഷങ്ങൾ.
കാശ്മീർ ഭീകരാക്രമണവും എൻ.ഐ.എ അന്വേഷണവും; ജയസൂര്യയുടെ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ കൊച്ചിയിൽ തുടങ്ങി
കൊച്ചി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (N.I.A) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. നിർമ്മാതാവ് ജോബി ജോർജ്, സംവിധായകൻ രതീഷ് വേഗ, നടൻ ജയസൂര്യ എന്നിവരടക്കമുള്ള അണിയറപ്രവർത്തകരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടവും അവരുടെ ശക്തിയുമാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുണ്ടാകുന്ന രഹസ്യ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ കഥാപുരോഗതി. ജമ്മു കാശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ കാതൽ. ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തലമാകുന്നതിലൂടെ ചിത്രം ഇതിനകം തന്നെ ഏറെ ചർച്ചാവിഷയമായിക്കഴിഞ്ഞു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണിതെന്നും, ദേശീയ സുരക്ഷയെ ആധാരമാക്കിയ ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളുണ്ടെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ വലിയ കാൻവാസും അതിലെ ശക്തമായ സന്ദേശവും രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയസൂര്യയ്ക്ക് പുറമെ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ തരുൺ അറോറ, റിഥിക സിംഗ്, വിനയ് റായ്, അമൈര ദാസ്തർ, മുരളി ശർമ്മ എന്നിവർക്കൊപ്പം മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംവിധായകൻ രതീഷ് വേഗ തന്നെയാണ് നിർവ്വഹിക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സജീഷ് താമരശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. കല: സുനീഷ് സോദരൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: സമീര സനീഷ്, സരിത ജയസൂര്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, കോ പ്രൊഡ്യൂസർ: സുനി മോൾ ജോബി, പ്രൊജക്റ്റ് ഡിസൈൻ: നോബിൾ ജേക്കബ്, സൗണ്ട് മിക്സിംഗ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നജീർ നസീം, പ്രൊഡക്ഷൻ മാനേജേഴ്സ്: അരുൺ കണ്ണൂർ, ജിത്തു ഇരിങ്ങാലക്കുട, പി.ആർ.ഓ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മണാലി എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ‘ഓപ്പറേഷൻ ത്രാൾ’ പൂർത്തിയാകുക.

