​സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാൽ രാജിവെച്ചു

കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും മധുപാൽ രാജി വെച്ചു. കഴിഞ്ഞ നാല് വർഷത്തെ ബോർഡിന്റെ നേട്ടങ്ങൾ അദ്ദേഹം വാർത്താകുറിപ്പിലൂടെ പങ്കുവെച്ചു.

​സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാൽ രാജിവെച്ചു
സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മധുപാൽ ഒഴിഞ്ഞു; നാല് വർഷത്തെ നേട്ടങ്ങൾ പങ്കുവെച്ച് കുറിപ്പ്

​സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മധുപാൽ ഒഴിഞ്ഞു; നാല് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുറിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും ചലച്ചിത്ര പ്രവർത്തകനും സംവിധായകനുമായ മധുപാൽ രാജിവെച്ചു. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷത്തെ സേവനകാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു. കലാകാരന്മാരുടെ ആനുകൂല്യങ്ങളിൽ വരുത്തിയ വൻ വർധനവും ഡിജിറ്റലൈസേഷനും അടക്കം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

​ആനുകൂല്യങ്ങളിൽ വൻ വർധനവ്

​ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായങ്ങൾ ഗണ്യമായി ഉയർത്താൻ കഴിഞ്ഞതാണ് ഈ കാലയളവിലെ പ്രധാന നേട്ടമെന്ന് മധുപാൽ ചൂണ്ടിക്കാണിക്കുന്നു.

​പെൻഷൻ: 4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു.

​കുടുംബ-അവശതാ പെൻഷൻ: 1100 രൂപയിൽ നിന്നും 1600 രൂപയാക്കി ഉയർത്തി. (2026 ഏപ്രിൽ മാസത്തിൽ മാത്രം 4,600 പേർക്ക് 5,000 രൂപ വീതവും, 375 പേർക്ക് കുടുംബ പെൻഷനും വിതരണം ചെയ്തു).

​വിവാഹ ധനസഹായം: 25,000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചു.

​ചികിത്സാ സഹായം: മുൻപുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ പരിധി മാറ്റി, ഓരോ മൂന്ന് വർഷം കൂടുമ്പോഴും രണ്ട് ലക്ഷം രൂപ ലഭിക്കുന്ന രീതിയിലാക്കി.

​മരണാനന്തര ധനസഹായം: 10,000 രൂപയിൽ നിന്നും 25,000 രൂപയായി ഉയർത്തി.

​2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും രൂപ ബോർഡ് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ, മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവും നേടിയെടുത്തു.

​തനത് ഫണ്ടിലും അംഗസംഖ്യയിലും റെക്കോർഡ് വർധനവ്

​സിനിമ ടിക്കറ്റിന്മേൽ ലഭിക്കുന്ന 3 രൂപ സെസ്സും അംഗങ്ങളുടെ അംശദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. മികച്ച പ്രവർത്തനങ്ങളിലൂടെ ബോർഡിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2022-ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താൻ കഴിഞ്ഞു. വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് സ്വീകരിക്കുവാനുള്ള സർക്കാർ ഉത്തരവും ബോർഡ് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി 2,245 പേർ ചേർന്നതോടെ ആകെ അംഗസംഖ്യ 20,592 ആയി ഉയർന്നു.

​സിനിമ തിയേറ്റർ സെസ്സ് കുടിശ്ശിക നിവാരണം

​തിയേറ്ററുകളിൽ നിന്നും സെസ്സ് തുക കൃത്യമായി പിരിച്ചെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ 18.01.2024-ൽ തദ്ദേശ വകുപ്പ് പ്രത്യേക ഉത്തരവ് [സ.ഉ.(സാധാ) നം.137/2024/LSGD] പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ തിയേറ്റർ ലൈസൻസ് പുതുക്കുന്നതിന് ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

​സെസ്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത 35 കേസുകളിൽ 28 എണ്ണത്തിലും ബോർഡിന് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിഞ്ഞു. ഇത് കുടിശ്ശിക പിരിച്ചെടുക്കുന്നതിനും വരും മാസങ്ങളിൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ സുരക്ഷിതമാക്കുന്നതിനും സഹായിക്കും.

​സുതാര്യത ഉറപ്പാക്കി ഡിജിറ്റലൈസേഷൻ

​ബോർഡിന്റെ ചരിത്രത്തിലെ മറ്റൊരു പ്രധാന മാറ്റം നടപടികളുടെ പൂർണ്ണമായ ഡിജിറ്റലൈസേഷനാണ്. വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനിമുതൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇത് ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതായി മധുപാൽ വാർത്താകുറിപ്പിൽ വ്യക്തമാക്കി.