കോഴിക്കോട്ടെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും മന്ത്രി സണ്ണി ജോസഫ്
കോഴിക്കോട് ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രശ്നങ്ങൾ വിലയിരുത്താൻ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരും. ഭൂഗർഭ കേബിളുകളും പുതിയ സബ് സ്റ്റേഷനുകളും സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് വൈദ്യുതി പ്രതിസന്ധിക്ക് സമയബന്ധിത പരിഹാരം; മൂന്ന് മാസത്തിലൊരിക്കൽ അവലോകന യോഗം ചേരാൻ മന്ത്രി സണ്ണി ജോസഫ്
കോഴിക്കോട്: ജില്ലയിലെ വൈദ്യുതി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും വർധിച്ചുവരുന്ന ആവശ്യകതകൾ പരിഹരിക്കുന്നതിനുമായി പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ചേർന്ന വൈദ്യുതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പ്രശ്നങ്ങൾ പ്രാദേശികതലത്തിൽ കൃത്യമായി നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട എം.എൽ.എമാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കും. കൂടാതെ, വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ മൂന്ന് മാസത്തിലൊരിക്കൽ ജില്ലാതല അവലോകന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനം നിലവിൽ നേരിടുന്ന വൈദ്യുതി ദൗർലഭ്യം വിശദീകരിച്ച മന്ത്രി, പ്രതികൂല കാലാവസ്ഥയിലും മികച്ച സേവനം നൽകുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു.
ജനപ്രതിനിധികളുടെ പ്രധാന ആവശ്യങ്ങൾ:
എം. കെ. രാഘവൻ എം.പി: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഓവർഹെഡ് ലൈനുകൾ ഘട്ടംഘട്ടമായി മാറ്റി ഭൂഗർഭ കേബിളുകളാക്കണം. സർക്കാർ സ്ഥാപനങ്ങളിൽ സോളാർ റൂഫ്‌ടോപ്പ് പദ്ധതികൾ വ്യാപകമാക്കണം.
ഷാഫി പറമ്പിൽ എം.പി: ഉപഭോക്താക്കൾക്കായി ക്യു.ആർ കോഡ് വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും, കെ.എസ്.ഇ.ബി സേവനങ്ങൾക്കായി പ്രത്യേക മൊബൈൽ ആപ്പും വികസിപ്പിക്കണം.
എം. എ. റസാഖ് മാസ്റ്റർ (കുന്നമംഗലം എം.എൽ.എ), പി. കെ. ഫിറോസ് (കൊടുവള്ളി എം.എൽ.എ): മണ്ഡലങ്ങളിലെ വൈദ്യുതി വികസനത്തിനായി പ്രത്യേക പാക്കേജ് സമർപ്പിച്ചു. പന്തീരാങ്കാവ് സബ്‌സ്റ്റേഷൻ നിർമാണം വേഗത്തിലാക്കണമെന്നും കട്ടിപ്പാറ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് 33 കെ.വി ഫീഡർ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അഡ്വ. കെ. ജയന്ത് (കോഴിക്കോട് നോർത്ത് എം.എൽ.എ): നഗരത്തിൽ തടസ്സരഹിത വൈദ്യുതിക്കായി 33 കെ.വി റിങ് സർക്യൂട്ടും യൂട്ടിലിറ്റി ഡക്ട് സംവിധാനവും വേണം.
ഫാത്തിമ തഹ്‌ലിയ (പേരാമ്പ്ര എം.എൽ.എ): പേരാമ്പ്ര ടൗണിലെ നടപ്പാതകളിലുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണം.
മറ്റ് എം.എൽ.എമാർ: വി. ടി. സൂരജ് (ബാലുശ്ശേരി), വിദ്യാ ബാലകൃഷ്ണൻ (ചേളന്നൂർ), സി. കെ. കാസിം (തിരുവമ്പാടി) എന്നിവർ അതത് മേഖലകളിൽ പുതിയ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
സെക്ഷൻ ഓഫീസുകൾ വിഭജിക്കും; ഭൂമി ലഭ്യമാക്കാൻ കളക്ടർ
ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള കൊടുവള്ളി, കുന്നമംഗലം, കോവൂർ കെ.എസ്.ഇ.ബി സെക്ഷനുകൾ വിഭജിച്ച് പുതിയ ഓഫീസുകൾ രൂപീകരിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കൊയിലാണ്ടി 110 കെ.വി സബ്‌സ്റ്റേഷൻ വൈകുന്നതിന് കാരണം ഭൂമി ലഭ്യതക്കുറവാണെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കിയതോടെ, ഇതിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി യോഗത്തിൽ അറിയിച്ചു.
റോഡ് വികസനത്തിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കാൻ മന്ത്രി നിർദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉടൻ നടപടിയെടുക്കാനും സാമ്പത്തിക അനുമതി വേണ്ടവയ്ക്ക് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, കെ.എസ്.ഇ.ബി ഉത്പാദന-പ്രസരണ-വിതരണ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
