അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഈ മാസം 20ന് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിച്ച് ഇന്ത്യൻ എംബസി
അബ്ദുൽ റഹീം 20 ാം തീയതി ജയിൽ മോചിതനാകുമെങ്കിലും അന്നുതന്നെ നാട്ടിലെത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സൗദി അറേബ്യയിലെ ഔദ്യോഗികമായ മറ്റു ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
അബ്ദുൽ റഹീമിന്റെ ജയിൽ മോചനം 20ന്; നടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി, മടക്കം നിയമനടപടികൾക്ക് ശേഷം
റിയാദ്: സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പിന്നീട് ദയാധനത്തിലൂടെ മോചനം സാധ്യമായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഈ മാസം 20-ന് നടക്കും. റഹീമിന്റെ തിരിച്ചുവരവിനായി സൗദിയിലെ ഇന്ത്യൻ എംബസി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയായതായി റഹീം നിയമസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിക്ഷാകാലാവധി ഈ മാസം 20-ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ, നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി ഇതിനകം തന്നെ അനുവദിച്ചിട്ടുണ്ട്. റഹീം നിയമസഹായ സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ. ആലിക്കുട്ടി, റിയാദ് കമ്മിറ്റി രക്ഷാധികാരി അഷറഫ് വേങ്ങാട്ട് എന്നിവരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
20-ന് തന്നെ നാട്ടിലെത്തുമെന്ന പ്രചാരണം തെറ്റ്
അബ്ദുൽ റഹീം 20-ാം തീയതി ജയിൽ മോചിതനാകുമെങ്കിലും അന്നുതന്നെ നാട്ടിലെത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സൗദി അറേബ്യയിലെ ഔദ്യോഗികമായ മറ്റു ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ നാട്ടിലെത്തുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാകില്ല.
ഈ മാസം 21 മുതൽ സൗദിയിൽ 10 ദിവസം ബലിപെരുന്നാൾ അവധിയാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന റഹീമിനെ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് (തർഹീൽ) മാറ്റുമെന്നാണ് കരുതുന്നത്. അവിടെനിന്നും എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രാനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നാട്ടിലേക്ക് തിരിക്കാനാകൂ. എങ്കിലും വലിയ താമസമില്ലാതെ തന്നെ റഹീമിന് നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു.
സൗദി ഭരണകൂടത്തിനും കുടുംബത്തിനും നന്ദി
സൗദി നിയമവ്യവസ്ഥയും മരണപ്പെട്ട സൗദി ബാലന്റെ കുടുംബവും നൽകിയ വലിയ കാരുണ്യത്തിന്റെ പശ്ചാത്തലത്തിലാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കപ്പെട്ടതും ജയിൽ മോചനത്തിന് വഴിയൊരുങ്ങിയതും. അതുകൊണ്ടുതന്നെ സൗദി ഭരണകൂടത്തോടും അവിടുത്തെ നിയമവ്യവസ്ഥയോടും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോടും അങ്ങേയറ്റത്തെ ആദരവും നന്ദിയുമുള്ളതായി ഭാരവാഹികൾ കൂട്ടിചേർത്തു.
സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത പബ്ലിക് റൈറ്റ്സ് കേസിൽ വിധിച്ച 20 വർഷത്തെ തടവുശിക്ഷയാണ് ഈ മാസം 20-ന് പൂർത്തിയാകുന്നത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കുമൊടുവിലാണ്, മാപ്പ് നൽകാൻ തയ്യാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.
ആഗോള മലയാളി സമൂഹം ഒന്നടങ്കം നടത്തിയ ജനകീയ ക്യാംപെയ്നിലൂടെ 34.35 കോടി രൂപ ദയാധനം (ബ്ലഡ് മണി) സമാഹരിച്ചാണ് സൗദി കുടുംബത്തിന് കൈമാറിയത്. ചരിത്രപ്രസിദ്ധമായ ഈ ധനസമാഹരണ യജ്ഞത്തിൽ ഒടുവിൽ 11.5 കോടിയിലധികം രൂപ ബാക്കിയുണ്ട്. ഈ തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ അബ്ദുൽ റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം ട്രസ്റ്റ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

