ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മാറി കുത്തിവെപ്പ് ശ്വാസംമുട്ടലിന് എത്തിയ പെൺകുട്ടിക്ക് പേവിഷ വാക്സിൻ നൽകി
കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് മാറി കുത്തിവെപ്പ് നൽകി. തെരുവുനായയുടെ കടിയേറ്റവർക്ക് നൽകുന്ന പേവിഷ പ്രതിരോധ വാക്സിനാണ് പതിനെട്ടുകാരിക്ക് നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്: ശ്വാസംമുട്ടലിന് എത്തിയ പെൺകുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകി
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ്. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ പതിനെട്ടുകാരിക്ക് മാറി കുത്തിവെപ്പ് നൽകി. മൈനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടിക്കാണ് തെരുവുനായയുടെ കടിയേറ്റവർക്ക് നൽകുന്ന പേവിഷ പ്രതിരോധ വാക്സിൻ (Anti-Rabies Vaccine) നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഒപി വിഭാഗത്തിലായിരുന്നു സംഭവം.
അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടിക്ക് ഡോക്ടർ ഇഞ്ചക്ഷൻ നിർദേശിച്ചിരുന്നു. കുറിപ്പുമായി ഇഞ്ചക്ഷൻ റൂമിലെത്തിയ സമയത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സയ്ക്ക് എത്തിയ മറ്റൊരാളും അവിടെ ഉണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട മരുന്നാണ് നഴ്സ് മാറി പെൺകുട്ടിക്ക് നൽകിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ ഇടപെട്ടു. പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുത്തത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിശദീകരിച്ചു. സി.പി.എം പാർട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതായും ആരോപണമുണ്ട്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മാറ്റിനിർത്തി അന്വേഷണത്തിന് ഉത്തരവിട്ടു. വിദഗ്ധ ഡോക്ടർമാരുടെ സംഘം നാളെ പെൺകുട്ടിയെ പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യും

