പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണ അടിവസ്ത്രങ്ങളും കോടികളും പിടിച്ചെടുത്തു 53 പേർ അറസ്റ്റിൽ

ഇറാഖിൽ എണ്ണ മന്ത്രാലയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ റെയ്ഡിൽ എംപിമാരുടെയും ഉദ്യോഗസ്ഥരുടെയും വസതികളിൽ നിന്ന് കോടിക്കണക്കിന് പണവും സ്വർണ്ണവും പിടിച്ചെടുത്തു. മുൻ മന്ത്രിയടക്കം 53 പേർ അറസ്റ്റിൽ.

പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണ അടിവസ്ത്രങ്ങളും കോടികളും പിടിച്ചെടുത്തു 53 പേർ അറസ്റ്റിൽ
പാർലമെന്റ് അംഗമായ ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്വർണ്ണത്തിൽ നിർമ്മിച്ച അടിവസ്ത്രങ്ങളും വൻതോതിൽ പണവും സ്വർണ്ണശേഖരവും കണ്ടെടുത്തു.

ഇറാഖ് അഴിമതി റെയ്ഡ്: പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് സ്വർണ്ണ അടിവസ്ത്രങ്ങളും കോടികളും പിടിച്ചെടുത്തു; 53 പേർ അറസ്റ്റിൽ

ബാഗ്ദാദ്: ഇറാഖിൽ ജനപ്രതിനിധികളെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് അഴിമതി വിരുദ്ധ സേന നടത്തിയ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാർലമെന്റ് അംഗമായ ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്വർണ്ണത്തിൽ നിർമ്മിച്ച അടിവസ്ത്രങ്ങളും വൻതോതിൽ പണവും സ്വർണ്ണശേഖരവും കണ്ടെടുത്തു. 57 മില്യൺ യു.എസ് ഡോളറും (ഏകദേശം 5.7 കോടി ഡോളർ) 27 കിലോഗ്രാം സ്വർണ്ണവുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്യുന്നത്.

​എണ്ണ മന്ത്രാലയത്തിൽ നടന്ന വൻ സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രാജ്യത്ത് വിപുലമായ പരിശോധന ആരംഭിച്ചത്. ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ എണ്ണ മന്ത്രി അദ്നാൻ അൽ-ജുമൈലിയെ ഈ മാസം ആദ്യം സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്യത്തെ പ്രമുഖരെ ലക്ഷ്യമിട്ട് അന്വേഷണം വ്യാപിപ്പിച്ചത്.

​ഇറാഖിലെ കൗണ്ടർ ടെററിസം സർവീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിലവിൽ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ 53 ഓളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദ് അൽ അബ്ബാസിയെ അറസ്റ്റ് ചെയ്തതായി 'ന്യൂസ് അറബ്' റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇവർ ഇപ്പോഴും ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അംഗമായി തുടരുന്നുണ്ട്.

​മറ്റൊരു പ്രമുഖ ഇറാഖി എംപിയായ ആലിയ നാസിഫിന്റെ വസതിയിലും വിജിലൻസ് സംഘം റെയ്ഡ് നടത്തി. ഇവരുടെ പക്കൽ നിന്നും കോടിക്കണക്കിന് ഇറാഖി ദിനാറും സ്വർണ്ണവും കണ്ടെടുത്തതായാണ് വിവരം.

​കഴിഞ്ഞ തിങ്കളാഴ്ച മുതൽ വാസിത്, കിർകുക്ക്, അൻബാർ എന്നീ പ്രവിശ്യകളിൽ പരിശോധനയുടെ അടുത്ത ഘട്ടം ആരംഭിച്ചു കഴിഞ്ഞു. സർക്കാരിൽ നിന്നും മോഷ്ടിക്കപ്പെട്ട പൊതുപണം പൂർണ്ണമായും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ, നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ബന്ധുക്കളുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും വസതികളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.