അമ്മമാർക്ക് സൗജന്യ ഇ–ഓട്ടോറിക്ഷ സ്നേഹയാനം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ, നിബന്ധനകൾ, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം.
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ മക്കളുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനായി കേരള സർക്കാർ സാമൂഹികനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന 'സ്നേഹയാനം' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി ഇ-ഓട്ടോറിക്ഷകൾ നൽകുന്നതാണ് പദ്ധതി.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
കേരളത്തിൽ സ്ഥിരതാമസക്കാരായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
നാഷനൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാരുടെ (മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹു വൈകല്യം) അമ്മമാർ ആയിരിക്കണം.
അപേക്ഷകർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും (BPL) സ്ഥിരവരുമാനം ഇല്ലാത്തവരും ആയിരിക്കണം.
അപേക്ഷകയ്ക്ക് ത്രീവീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം 55 വയസ്സിൽ താഴെയായിരിക്കണം.
നിബന്ധനകൾ:
ലഭിക്കുന്ന വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് എന്നിവ ഗുണഭോക്താവ് തന്നെ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരിൽ മാത്രമേ റജിസ്റ്റർ ചെയ്യുകയുള്ളൂ. യാതൊരു കാരണവശാലും വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടുള്ളതല്ല.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് / തിരിച്ചറിയൽ രേഖ.
റേഷൻ കാർഡ് പകർപ്പ്.
ത്രീവീലർ ലൈസൻസ്.
പാസ്പോർട്ട് സൈസ് ഫോട്ടോ.
വിധവ / വിവാഹമോചിത / ഉപേക്ഷിക്കപ്പെട്ടവൾ ആണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം.
കുട്ടിയുടെ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അതത് ജില്ലാ സാമൂഹികനീതി ഓഫിസർക്ക് സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ ജില്ലാ സാമൂഹികനീതി ഓഫിസിൽ നിന്നോ സാമൂഹികനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ലഭ്യമാണ്.

