സുരാജ് വെഞ്ഞാറമൂടിന്റെ റൺ മാമാ റൺ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
സുരാജ് വെഞ്ഞാറമൂടിന്റെ റൺ മാമാ റൺ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂടിന്റെ 'റൺ മാമാ റൺ' ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ സുരാജ് വെഞ്ഞാറമൂട് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുഴുനീള ഹ്യൂമർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റൺ മാമാ റൺ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത് സുകുമാരൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിളാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.
ചടങ്ങിന്റെ ഭാഗമായി സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില, കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, നടന്മാരായ ഇന്ദ്രൻസ്, കോട്ടയം നസീർ, ബാലു വർഗീസ്, ഉണ്ണിരാജ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും ബോളിവുഡ് മോഡലും നടിയുമായ അഞ്ജലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിക്കുന്നത്. നാല് ദിവസത്തോളം ഈ ഗാനരംഗം നീണ്ടുനിൽക്കും.
'ക്വീൻ ഐലൻഡ്' എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഇവിടെ ചെറിയ തരികിടകളുമായി കഴിയുന്ന എഡിസൺ എന്ന യുവാവിന്റെ ജീവിതത്തിലേക്ക്, എഡിസണേക്കാൾ വലിയ പ്രശ്നങ്ങളുമായി അനന്തരവൻ ഗബ്രിയേൽ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം ഹാസ്യമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ബാലു വർഗീസുമാണ് യഥാക്രമം എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ജനാർദ്ദനൻ, ഉണ്ണിരാജ, നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സ്റ്റോറി ലാബ് മൂവീസിന്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥ, തിരക്കഥ, സംഭാഷണം.
ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. ഛായാഗ്രഹണം കിരൺ കിഷോർ, എഡിറ്റിംഗ് വി. സാജൻ, കലാ സംവിധാനം ഷംജിത്ത് രവി. കൊച്ചിയിലും കൊൽക്കത്തയിലുമായി ചിത്രീകരണം പൂർത്തിയാകും.

