മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ അഭിമാനം രമേശ് ചെന്നിത്തല
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി മത്സ്യഫെഡ് സംഘടിപ്പിച്ച മികവ് വിദ്യാഭ്യാസ അവാർഡ് വിതരണം ഹരിപ്പാട് നടന്നു.
മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ അഭിമാനം: രമേശ് ചെന്നിത്തല
ഹരിപ്പാട്: കേരളത്തിന്റെ അഭിമാനമാണ് മത്സ്യത്തൊഴിലാളികളെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കുന്നതിനായി മത്സ്യഫെഡ് സംഘടിപ്പിച്ച 'മികവ്' വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി മികച്ച രീതിയിലാണ് മത്സ്യഫെഡ് പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹരിപ്പാട് ശ്രീഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം പി. എസ്. ബാബു അധ്യക്ഷത വഹിച്ചു. 'മികവ്' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.
ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം ടി. എസ്. രാജേഷ്, കടാശ്വാസ കമ്മീഷൻ അംഗങ്ങളായ കെ. എ. ലത്തീഫ്, സി. ഷാംജി, പ്രൊജക്ട് ഓഫീസർ ഷാന എസ്. ഷാജി എന്നിവരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.