അഭിമാനമായി കോഴിക്കോട്; സ്വച്ഛ് സർവേക്ഷൺ റാങ്കിങ്ങിൽ ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനം, കേരളത്തിൽ ഒന്നാമത്
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 റാങ്കിങ്ങിൽ കോഴിക്കോട് ജില്ലയ്ക്ക് മികച്ച നേട്ടം. ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് സ്വന്തമാക്കി.
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025: ദക്ഷിണേന്ത്യയിൽ രണ്ടാമനായി കോഴിക്കോട്; കേരളത്തിൽ ഒന്നാമത്
കോഴിക്കോട്: ഗ്രാമീണ ശുചിത്വ പരിപാലനത്തിൽ ദേശീയതലത്തിൽ തിളങ്ങി കോഴിക്കോട് ജില്ല. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള-ശുചിത്വ വകുപ്പ് സംഘടിപ്പിച്ച സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ (SSG) 2025 റാങ്കിങ്ങിലാണ് കോഴിക്കോട് ഈ നേട്ടം കൈവരിച്ചത്. ദക്ഷിണ മേഖലയിൽ (കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന) രണ്ടാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവുമാണ് ജില്ല സ്വന്തമാക്കിയത്.
മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങളും ഗ്രാമീണ ശുചിത്വ നിലവാരവുമാണ് ജില്ലയെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, ശുചിത്വ മിഷൻ കോഓഡിനേറ്റർ ഇ.ടി. രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങൾ ഈ നേട്ടത്തിൽ നിർണ്ണായകമായി.
നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ:
സമഗ്ര പരിശോധന: സ്‌കൂളുകൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലെ ശുചിത്വവും ശൗചാലയ സൗകര്യങ്ങളും ദേശീയ ഏജൻസികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി.
മാലിന്യ സംസ്‌കരണം: പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, ഗ്രേ വാട്ടർ മാനേജ്‌മെന്റ്, ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റ് (FSM) എന്നിവയുടെ മികച്ച പ്രവർത്തനക്ഷമത വിലയിരുത്തപ്പെട്ടു.
സാങ്കേതിക മികവ്: സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം, ക്യു.ആർ കോഡ് അധിഷ്ഠിത മോണിറ്ററിങ് എന്നിവ വഴി സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കി.
ജനപങ്കാളിത്തം: 'സ്വച്ഛത ഹി സേവ' ക്യാമ്പയിൻ വഴി പൊതുജനങ്ങൾ, ഹരിതകർമസേന, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരെ ഏകോപിപ്പിച്ചു. സിറ്റിസൺ ഫീഡ്ബാക്ക് സ്കോറിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന പോയിന്റ് നേടാനും ജില്ലക്കായി.
ഒ.ഡി.എഫ് പ്ലസ് (ODF Plus) മോഡൽ വില്ലേജുകൾ, ബ്ലോക്ക് തലത്തിലെ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, സോക്ക് പിറ്റുകൾ എന്നിവയുടെ പരിപാലനവും കോഴിക്കോടിന് കരുത്തായി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശുചിത്വ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

