മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം; സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി അബ്ദുൾ ഗഫൂർ
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ. നക്ഷത്രത്തിളക്കം 2026 അവാർഡ് വിതരണ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന; 'നക്ഷത്രത്തിളക്കം 2026' അവാർഡുകൾ വിതരണം ചെയ്തു
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ പ്രസ്താവിച്ചു. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം 2026' വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ മികച്ച വിജയം കൈവരിച്ചവർക്കായാണ് അവാർഡുകൾ വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനായി സർക്കാർ കൂടുതൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ കണ്ടെത്താനും സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പ്രോത്സാഹനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനി മോൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഫിഷറീസ് വകുപ്പിലെയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെയും ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.