എൽഡിഎഫ് ജാഥകളിൽ പൊതുജന പങ്കാളിത്തം കുറവ് പോരായ്മകൾ നിരത്തി സിപിഐ
ബിനോയ് വിശ്വം നയിച്ച ജാഥയിൽ സിപിഐ പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ല. എൽഡിഎഫിന് പുറത്തുള്ള ജനവിഭാഗങ്ങൾ ജാഥയെ വേണ്ടവിധം ഗൗനിച്ചില്ല എന്നത് ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
എൽഡിഎഫ് ജാഥകളിൽ പൊതുജന പങ്കാളിത്തം കുറവ്; പോരായ്മകൾ നിരത്തി സിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഡിഎഫ് സംഘടിപ്പിച്ച സംസ്ഥാനതല ജാഥകൾ പൊതുസമൂഹത്തിൽ വേണ്ടത്ര ചലനമുണ്ടാക്കിയില്ലെന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിമർശനം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മുന്നണി പ്രവർത്തകരിൽ ആവേശം പകരാൻ ജാഥകൾക്ക് സാധിച്ചെങ്കിലും, ഒരു പൊതു രാഷ്ട്രീയ പരിപാടി എന്ന നിലയിൽ ജനശ്രദ്ധ ആകർഷിക്കുന്നതിൽ ഇവ പരാജയപ്പെട്ടുവെന്നാണ് പാർട്ടി സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളുടെ വിലയിരുത്തൽ. മൂന്ന് ജാഥകൾക്ക് പകരം സംസ്ഥാനതലത്തിൽ ഒരൊറ്റ ജാഥ മതിയായിരുന്നു എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു.
പലയിടങ്ങളിലും ജാഥകൾ നിശ്ചയിച്ച സമയത്തേക്കാൾ ഏറെ വൈകിയാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത്. ജാഥാ ക്യാപ്റ്റന്മാരുടെ പ്രസംഗം തുടങ്ങുമ്പോഴേക്കും പലയിടത്തും കസേരകൾ ഒഴിഞ്ഞു തുടങ്ങിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിച്ച സമയത്തുപോലും ഇതേ അവസ്ഥയുണ്ടായെന്ന് യോഗം നിരീക്ഷിച്ചു. ബിനോയ് വിശ്വം നയിച്ച ജാഥയിൽ സിപിഐ പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായെങ്കിലും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ല. എൽഡിഎഫിന് പുറത്തുള്ള ജനവിഭാഗങ്ങൾ ജാഥയെ വേണ്ടവിധം ഗൗനിച്ചില്ല എന്നത് ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, ജാഥാംഗമായ പി.പി. സുനീർ നൽകിയ റിപ്പോർട്ടിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയുടെ പ്രവർത്തനത്തെ പ്രശംസിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പിക്കാനും മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം നൽകാനും അദ്ദേഹം കാണിച്ച ശ്രദ്ധ ജാഥയുടെ സുഗമമായ നടത്തിപ്പിന് ഗുണകരമായെന്ന് റിപ്പോർട്ടിൽ പറയുന്നു. മാധ്യമങ്ങൾ ജാഥയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം വീഴ്ചകൾ പരിഹരിക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.

