കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ഉയരങ്ങളിലേക്ക് പുതിയ മന്ത്രി എൻ. ഷംസുദ്ദീന് ആശംസകളുമായി വി. ശിവൻകുട്ടി
പിണറായി സർക്കാരുകളുടെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾ പങ്കുവെച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചുമതലയേറ്റ പുതിയ മന്ത്രി എൻ. ഷംസുദ്ദീന് അദ്ദേഹം ആശംസകൾ നേർന്നു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃക ലോകത്തിന് മാതൃക; പുതിയ മന്ത്രി എൻ. ഷംസുദ്ദീന് ഭാവുകങ്ങൾ നേർന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മന്ത്രിയായി ചുമതലയേറ്റ എൻ. ഷംസുദ്ദീന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നുകൊണ്ടാണ്, കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം അക്കമിട്ടു നിരത്തിയത്.
43 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ അപകട ഇൻഷൂറൻസ് ഉറപ്പാക്കിയത് ഉൾപ്പെടെയുള്ള വലിയ പദ്ധതികളാണ് ചുരുങ്ങിയ കാലയളവിൽ വകുപ്പ് നടപ്പിലാക്കിയത്. ഒരു മതേതര സമൂഹമായി കേരളത്തിലെ പുതുതലമുറയെ കെട്ടിപ്പടുക്കേണ്ട വലിയ കടമ പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്നും ആ ഉത്തരവാദിത്തം പുതിയ മന്ത്രി മികവോടെ നിർവ്വഹിക്കുമെന്നും വി. ശിവൻകുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചവ:
അക്കാദമിക മികവും പാഠ്യപദ്ധതി പരിഷ്കരണവും
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ജനകീയ പങ്കാളിത്തത്തോടെ 'സബ്ജക്ട് മിനിമം' പദ്ധതി നടപ്പിലാക്കി പഠനത്തിൽ പിന്നാക്കം നിന്നവരെ മുന്നിലെത്തിച്ചു. സമഗ്രമായ ജനകീയ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരിക്കുകയും 2024-25 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖവും മലയാളം അക്ഷരമാലയും ഉൾപ്പെടുത്തുകയും ചെയ്തു. അധ്യയന വർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ പാഠപുസ്തക-യൂണിഫോം വിതരണങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.
ഭിന്നശേഷി സൗഹൃദ - ഉൾച്ചേർക്കൽ വിദ്യാഭ്യാസം
സ്കൂൾ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയതിനൊപ്പം ചരിത്രത്തിലാദ്യമായി സ്കൂൾ കായികമേളകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി 'ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ' യാഥാർത്ഥ്യമാക്കി. കായികമേള ഗെയിംസ് ഇനങ്ങൾ കൂടി കൂട്ടിച്ചേർത്ത് സ്കൂൾ ഒളിമ്പിക്സ് ആയി പുനഃസംഘടിപ്പിക്കുകയും ചാമ്പ്യന്മാർക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തുകയും ചെയ്തു. ഭിന്നശേഷി കുട്ടികൾക്കായി 1486 സ്പെഷ്യൽ കെയർ സെൻ്ററുകളും ആരംഭിച്ചു.
ഡിജിറ്റൽ - ഹൈടെക് വിപ്ലവം
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് സൗജന്യ മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം ഉറപ്പാക്കി. 2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സജ്ജമാക്കുകയും 'ലിറ്റിൽ കൈറ്റ്സ്' വഴി കുട്ടികൾക്ക് AI, 3D മോഡലിംഗ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. വ്യാജവാർത്തകൾ പ്രതിരോധിക്കാൻ 'സത്യമേവ ജയതേ' ക്യാമ്പയിൻ വഴി അധ്യാപകർക്കും, സൈബർ ചതിക്കുഴികൾ തിരിച്ചറിയാൻ 4 ലക്ഷം അമ്മമാർക്കും പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തി.
ഭൗതികസാഹചര്യങ്ങളുടെ വികസനം
പൊതുവിദ്യാഭ്യാസ വകുപ്പിൽ 9,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് യാഥാർത്ഥ്യമാക്കിയത്. 1200-ലധികം പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന 'വർണ്ണക്കൂടാരം' പദ്ധതിയും, ഭൂമിശാസ്ത്ര പഠനം ആകർഷകമാക്കാൻ ഇന്ത്യയിലാദ്യമായി 200 സ്കൂൾ വെതർ സ്റ്റേഷനുകളും പ്രവർത്തനക്ഷമമാക്കി.
ഏകപക്ഷീയമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരുന്നിട്ടും, ദേശീയ സൂചികകളിൽ പോലും കേരളത്തിന് പ്രഥമ ശ്രേണിയിൽ എത്താനായത് ഈ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടാണ്. ഈ വികസന കുതിപ്പിന് ഇനി നേതൃത്വം നൽകാൻ പോകുന്ന പ്രിയ സുഹൃത്ത് മന്ത്രി എൻ. ഷംസുദ്ദീന്റെ കീഴിൽ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്നും വി. ശിവൻകുട്ടി ആശംസിച്ചു