വയനാട്ടിൽ സ്കൂളുകൾ ഇന്ന് തുറക്കും ഷിഗല്ല സ്ഥിരീകരിച്ച സ്കൂളിന് ജൂൺ 21 വരെ അവധി
വയനാട് നെന്മേനിയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. രോഗബാധയുണ്ടായ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിന് ജൂൺ 21 വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
ഷിഗല്ല രോഗബാധ: വയനാട്ടിൽ സ്കൂളുകൾ ഇന്ന് മുതൽ തുറക്കും; കോളിയാടി സ്കൂളിന് 21 വരെ അവധി
കൽപ്പറ്റ: ഷിഗല്ല രോഗബാധയെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ട വയനാട് ജില്ലയിലെ സ്കൂളുകൾ ഇന്ന് (ജൂൺ 18) മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. എന്നാൽ രോഗബാധ സ്ഥിരീകരിച്ച നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിന് ജൂൺ 21 വരെ അവധി തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ചൂടുവെള്ളം നിർബന്ധം: ജില്ലയിലെ എല്ലാ സ്കൂളുകളിലും ഭക്ഷണം പാകം ചെയ്യുന്നതിനും കുടിവെള്ളത്തിനുമായി തിളപ്പിച്ചാറ്റിയ ചൂടുവെള്ളം മാത്രമേ ഉപയോഗിക്കാവൂ.
ക്ലോറിനേഷൻ: സ്കൂളുകളിലെ വാട്ടർ ടാങ്കുകളും മറ്റ് ജലസംഭരണികളും ദിവസേന വൃത്തിയാക്കി കൃത്യമായി ക്ലോറിനേഷൻ ചെയ്യണം.
തിളപ്പിച്ചാറിയ വെള്ളം: വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊണ്ടുവരുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.
പ്രത്യേക പരിശോധന: ചീരാൽ ഹയർ സെക്കൻഡറി സ്കൂളിൽ ജലനിധി പദ്ധതി വഴി വിതരണം ചെയ്യുന്ന വെള്ളം കൃത്യമായി പരിശോധിച്ച്, മലിനീകരണമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു