മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
1956 നവംബർ 1 ന് രൂപീകൃതമായ കേരളത്തിന് ഇന്ന് 70 ാം പിറന്നാൾ. സംസ്ഥാനത്തുടനീളം വിപുലമായ കേരള പിറവി ദിനാഘോഷങ്ങളും സാംസ്കാരിക പരിപാടികളും നടക്കുന്നു.
എഴുപതിന്റെ നിറവിൽ കേരള പിറവി മലയാളത്തിന്റെ അഭിമാന നേട്ടങ്ങൾ
കൊച്ചി: സ്വന്തം ഭാഷയും സംസ്കാരവും നെഞ്ചിലേറ്റുന്ന മലയാളികൾക്ക് ഇന്ന് എഴുപതാം പിറന്നാളിന്റെ സന്തോഷം. 1956 നവംബർ 1-ന് ഐക്യ കേരളം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കലിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷങ്ങൾ നടക്കുകയാണ്.
ഏഴുപത് കൊല്ലത്തിനും പണ്ടേ ഈ നാടുണ്ട്, കേരളമെന്ന പേരുമുണ്ട്. ഇവിടത്തെ പ്രകൃതിയും രുചിയും മനുഷ്യരുടെ കഴിവും കലയും അറിയാത്ത ലോകങ്ങളില്ല. ഭാഷ തിരിച്ച് സംസ്ഥാനങ്ങളുടെ അതിരു വരച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ മലയാളത്തിന് മാറ്റിവച്ച മണ്ണാണ് നമ്മുടെ കേരളം
സ്വാതന്ത്ര്യത്തിന് മുൻപ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്നായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളും പ്രദേശങ്ങളുമായിരുന്നു നമ്മുടെ നാട്. ഒരേ ഭാഷ സംസാരിക്കുകയും സമാനമായ ആചാരസാംസ്കാരിക പാരമ്പര്യം പങ്കിടുകയും ചെയ്തിട്ടും, വെവ്വേറെ ഭരണസംവിധാനങ്ങൾക്ക് കീഴിലായിരുന്ന മലയാളി മനസ്സുകളെ ഒന്നിച്ചുചേർത്തത് 'ഐക്യ കേരള പ്രസ്ഥാന'ത്തിന്റെ പോരാട്ടങ്ങളാണ്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിന്റെ ഫലമായി ഫസൽ അലി കമ്മീഷന്റെ ശിപാർശപ്രകാരം, മദ്രാസ് പ്രസിഡൻസിയിലായിരുന്ന മലബാറും കാസർഗോടും തിരു-കൊച്ചി രാജ്യത്തോട് ചേർത്തുപിടിച്ചാണ് ഇന്നത്തെ സുന്ദര കേരളം രൂപപ്പെടുത്തിയത്.
അഭിമാനിക്കാൻ വേറെയും പലത് പണിതുണ്ടാക്കി മലയാളി. ആരോഗ്യം, വിദ്യാഭ്യാസം, ഭൂപരിഷ്കരണം, മനുഷ്യാവകാശം, മതേതരത്വം, സ്ത്രീ-പുരുഷാനുപാതം അങ്ങനെ ലോകത്തിനു മുന്നിൽ എണ്ണിപ്പറയാൻ മലയാളത്തിന് നേട്ടങ്ങളേറെയുണ്ട്. രാഷ്ട്രീയ- സാമൂഹ്യ- സമുദായിക പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
'എന്റെ കേരളം, സുന്ദര കേരളം' എന്ന ആശയമുയർത്തി സ്കൂളുകളിലും സാംസ്കാരിക നിലയങ്ങളിലും മാതൃഭാഷാ ദിനാഘോഷവും വർണ്ണാഭമായ ചടങ്ങുകളും നടക്കുന്നു. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമത്തിലും നമ്മൾ കൈവരിച്ച സ്വയംപര്യാപ്തത സ്മരിക്കുന്നതിനൊപ്പം, ഒത്തൊരുമയോടെയുള്ള ഭാവിയിലേക്ക് കൈകോർക്കാനുള്ള ആഹ്വാനത്തോടെയാണ് മലയാളി സമൂഹം ഈ വിശേഷദിനത്തെ എതിരേൽക്കുന്നത്.
സൗഹാർദ്ദവും സാഹോദര്യവും നിറഞ്ഞ നല്ല നാളുകൾ ആശംസിച്ചുകൊണ്ട് ഏവർക്കും ഫോർസ്റ്റാർ ന്യൂസിന്റെ ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ
മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലഹരിക്കെതിരായ പോരാട്ടത്തിൽ ജനപങ്കാളിത്തം അനിവാര്യം മന്ത്രി രമേശ് ചെന്നിത്തല
കാലടിയിൽ കേരളോത്സവം 2026 ന് ആവേശോജ്ജ്വല തുടക്കം
13.14 കോടിയുടെ പയ്യന്നൂർ തിയേറ്റർ പദ്ധതി തടസ്സങ്ങൾ നീക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രേംകുമാർ
ടി എം ജേക്കബ് നിയമസഭാ സാമാജികർക്ക് മാതൃകയായ നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശൻ