തോക്ക് പൊട്ടി അഭിഭാഷകൻ മരിച്ചു
സ്‌കൂട്ടർ മറിഞ്ഞ് തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകൻ മരിച്ചു
സ്‌കൂട്ടർ മറിഞ്ഞ് തോക്ക് അബദ്ധത്തിൽ പൊട്ടി; അഭിഭാഷകൻ മരിച്ചു
ഉഴവൂർ: നായാട്ടിനായി പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ് കൈവശമിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകൻ മരിച്ചു. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ഉഴവൂർ പയസ്മൗണ്ട് ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു അപകടം.
നീരുരൂട്ടി റോഡിൽ നിന്നുള്ള കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിരുകയും ഉണ്ട ചെവിയുടെ വശത്തിലൂടെ തലയിലേക്ക് തുളച്ചുകയറുകയും ചെയ്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സമീപവാസികളാണ് റോഡിൽ വീണുകിടക്കുന്ന ജോബിയെ കണ്ടത്. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി കുറവിലങ്ങാട് പോലീസ് അറിയിച്ചു.
ലൈസൻസുള്ള തോക്കുമായി ജോബി സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

