തലസ്ഥാനത്ത് ഗംഭീര സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് സമാപനം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ അറുപതോളം ഫ്ലോട്ടുകളും നൂറോളം കലാരൂപങ്ങളും അണിനിരന്നു.
ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം: തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ലോക്‌ഭവനിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര കിഴക്കേക്കോട്ടയിലാണ് സമാപിച്ചത്.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മേയർ വി വി രാജേഷ്, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം ജോൺ എന്നിവരും ചലച്ചിത്രതാരം ആസിഫ് അലിയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് അപൂർവ്വ ദൃശ്യവിരുന്നേകി. പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങൾക്ക് പുറമെ ജമ്മു കാശ്മീർ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
വിദേശ വിനോദസഞ്ചാരികൾക്കും പ്രമുഖർക്കുമായി പ്രത്യേക പവലിയനുകളാണ് പാതയോരങ്ങളിൽ സജ്ജീകരിച്ചിരുന്നത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ സമാപന പരിപാടികൾ സംഘടിപ്പിച്ചത്.
ഘോഷയാത്രയ്ക്ക് ശേഷം നിശാഗന്ധിയിൽ നടന്ന സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വൈകിട്ട് പാലക്കാട് വാണിയംകുളം രാമസ്മാരക തിറ പൂതൻകളി സംഘത്തിലെ കെ. എം ഉണ്ണികൃഷ്ണനും കൂട്ടരും അവതരിപ്പിച്ച 'പൂതനും തിറയും' കാണികളെ ആകർഷിച്ചു. തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 'അഗം' ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് നിശാഗന്ധിയിലെ നിറഞ്ഞുകവിഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി. ശാസ്ത്രീയ സംഗീതവും റോക്ക് സംഗീതവും കോർത്തിണക്കിയ അഗം ബാൻഡിന്റെ പ്രകടനത്തോടെയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണത്.