​ഭാഗ്യലക്ഷ്മിക്ക് വധഭീഷണി

​ഭാഗ്യലക്ഷ്മിക്ക് വധഭീഷണി മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോൺ കോൾ ​

​ഭാഗ്യലക്ഷ്മിക്ക്  വധഭീഷണി
അവൾക്കൊപ്പം ഭാഗ്യലക്ഷ്മി

​ഭാഗ്യലക്ഷ്മിക്ക് വധഭീഷണി; മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോൺ കോൾ

​ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണ ഭീഷണി. നടൻ ദിലീപിനെതിരെ സംസാരിച്ചതിനും നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിപ്പെടുത്തിയ ആളുടെ ഫോൺ നമ്പർ സഹിതം ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

​നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ ഭാഗ്യലക്ഷ്മി സ്വീകരിച്ച ശക്തമായ നിലപാടുകളാണ് ഭീഷണിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. കേസിൽ വിധി വന്നതോടെ കുറ്റവാളി ആരെന്നു എല്ലാവർക്കും മനസ്സിലായെന്നും, കൊട്ടേഷൻ നൽകിയ ആൾ പിആർ വർക്കുകളിലൂടെ രക്ഷപെടാമെന്ന് കരുതേണ്ടെന്നും അവർ പ്രതികരിച്ചു. അതിജീവിത പരാതി നൽകിയില്ലായിരുന്നുവെങ്കിൽ അടുത്ത ഇര മഞ്ജു വാര്യർ ആകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

​സിനിമാ മേഖലയിലെ തൊഴിൽ സംഘടനയായ ഫെഫ്കയിൽ (FEFKA) നിന്ന് താൻ രാജിവെച്ച കാര്യവും ഭാഗ്യലക്ഷ്മി സ്ഥിരീകരിച്ചു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന സംഘടനയ്ക്കൊപ്പം തുടരാൻ താല്പര്യമില്ലെന്ന് അവർ വ്യക്തമാക്കി.താര സംഘടന  എ.എം.എം.എ  (A.M.M.A), പ്രൊഡ്യൂസർ അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ നിന്നും ദിലീപിന് അനുകൂലമായ നിലപാടുകൾ ഉണ്ടായതിനെയും അവർ വിമർശിച്ചു. രണ്ട് മണിക്കൂർ കാറിനുള്ളിൽ അനുഭവിച്ചതിനേക്കാൾ വലിയ പീഡനമാണ് അതിജീവിത കോടതിമുറിയിൽ അനുഭവിച്ചതെന്നും എന്നാൽ അവൾ തളരാതെ നിയമപോരാട്ടം തുടരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.