അടിമാലിയിൽ കമ്പ്രസ്സർ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
അടിമാലി കൊരങ്ങാട്ടി റോഡിൽ കമ്പ്രസ്സർ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വടക്കേ ആയിരമേക്കർ സ്വദേശി ജോയിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ടോമിക്ക് ഗുരുതര പരിക്ക്.
അടിമാലിയിൽ കമ്പ്രസ്സർ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
അടിമാലി: അടിമാലിക്ക് സമീപം നിയന്ത്രണം വിട്ട കമ്പ്രസ്സർ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. അടിമാലി വടക്കേ ആയിരമേക്കർ സ്വദേശി വെട്ടിക്കാകുഴിയിൽ ജോയി (64) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന കൂമ്പൻപാറ സ്വദേശി ടോമിക്ക് (60) ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച അടിമാലി-കൊരങ്ങാട്ടി റോഡിലായിരുന്നു അപകടം. കുത്തിറക്കത്തിലുള്ള വളവിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിലേക്ക് മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ ടോമിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോയിയുടെ മൃതദേഹം നിലവിൽ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

