ലഹരിയ്‌ക്കെതിരെ പടയ്ക്കിറങ്ങി സ്കൂൾ വിദ്യാർത്ഥികൾ
കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളെയും കായികതാരങ്ങളെയും അണിനിരത്തി കൊച്ചിൻ കസ്റ്റംസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയെക്കുറിച്ചുള്ള വാർത്ത.
സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി ലഹരിവിരുദ്ധ പ്രചരണം; വേറിട്ട ബോധവത്കരണവുമായി കൊച്ചിൻ കസ്റ്റംസ്
കൊച്ചി: സംസ്ഥാനത്തൊട്ടാകെ ലഹരി നൽകുന്ന ഭീഷണിക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാകുമ്പോൾ, വേറിട്ട ലഹരി ബോധവത്കരണ പരിപാടിയുമായി കൊച്ചിൻ കസ്റ്റംസ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെയും അത്‌ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) അംഗങ്ങളെയും പങ്കെടുപ്പിച്ചാണ് കൊച്ചിൻ കസ്റ്റംസ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയായ 'നശാ മുക്ത് ഭാരത് അഭിയാന്റെ' ഭാഗമായാണ് പ്രചാരണ പരിപാടി നടന്നത്. ചടങ്ങിന്റെ ഉദ്ഘാടനം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ വളർച്ചയിൽ കായിക അഭിരുചിയുടെ പ്രാധാന്യത്തെക്കുറിച്ച് റോയ് വർഗീസ് ഓർമ്മിപ്പിച്ചു. കുട്ടികൾ ദിനവും തങ്ങൾക്ക് താല്പര്യമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കായിക രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിനും വ്യക്തി ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോതമംഗലം പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, കൊച്ചിൻ കസ്റ്റംസ് ടീം അംഗങ്ങൾ, മറ്റ് കായികപ്രേമികൾ തുടങ്ങി നൂറുകണക്കിന് ആളുകളാണ് പ്രചാരണ പരിപാടിയിൽ പങ്കാളികളായത്. പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ലഹരി വിരുദ്ധ സന്ദേശം ശക്തമായി എത്തിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.