മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ് 3.25 ലക്ഷം രൂപ നൽകി സിനിമാ ഡ്രൈവർമാർ
മുക്കം കല്ലുരുട്ടിയിൽ SMA ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ 3,25,001 രൂപ കൈമാറി.
മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് സിനിമാ ഡ്രൈവർമാർ ചികിത്സാ സഹായമായി 3,25,001 രൂപ കൈമാറി
കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച ഒറ്റപ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് ഫെഫ്ക (FEFKA) ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ. മുക്കം കല്ലുരുട്ടിയിലെ അരുൺ–ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോന എന്നിവരുടെ ചികിത്സാ സഹായ നിധിയിലേക്ക് സിനിമാ ഡ്രൈവർമാർ 3,25,001 രൂപ കൈമാറി.
യൂണിയനിലെ 550-ഓളം അംഗങ്ങൾ തങ്ങളുടെ ദൈനംദിന വരുമാനത്തിൽനിന്ന് സമാഹരിച്ച തുകയാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് നേരിട്ടെത്തി നൽകിയത്. കോഴിക്കോട്, കണ്ണൂർ, കൊടുങ്ങല്ലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ വിവിധ സിനിമാ ലൊക്കേഷനുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ ഈ കാരുണ്യ ദൗത്യത്തിൽ പങ്കാളികളായി. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന 'ക്രിംസൺ പിയർ' എന്ന സിനിമയുടെ ഷൂട്ടിൽ ലൊക്കേഷനിൽനിന്നും ഈ കാരുണ്യപ്രവർത്തനത്തിന് പിന്തുണയുണ്ടായി. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങളായ ബിജു, ആന്റോ, ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജബ്ബാർ മതിലകം തുടങ്ങിയവർ സഹായത്തുക കൈമാറുന്നതിൽ പങ്കെടുത്തു
അതിജീവനത്തിനായി 50 കോടിയുടെ ജനകീയ ദൗത്യം
ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുൺ–ഷാൽമി ദമ്പതികളുടെ മൂന്ന് കുഞ്ഞുങ്ങൾക്കും പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതര രോഗമായ SMA സ്ഥിരീകരിച്ചിട്ടുണ്ട്. ജീവൻ നിലനിർത്തുന്നതിനും തുടർചികിത്സയ്ക്കുമായി വിലയേറിയ ജീൻ തെറാപ്പി അനിവാര്യമാണ്. മൂന്ന് പേരുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയോളം ചെലവ് വരുമെന്നതിനാൽ ജനകീയ ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം പുരോഗമിക്കുന്നത്.
സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാണ് അണിയറ പ്രവർത്തകർ തീർത്തത്. ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും നാട്ടുകാരും കൈകോർക്കുന്ന ഈ വലിയ അതിജീവന പോരാട്ടത്തിന് സിനിമാ ഡ്രൈവർമാരുടെ ഈ കൂട്ടായ്മ വലിയ കരുത്തായി മാറിയിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂർ’ വിവാദം മേജർ രവിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്
ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ സിനിമയാകുന്നു ഇവിടം ഒരിടം
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ് 3.25 ലക്ഷം രൂപ നൽകി സിനിമാ ഡ്രൈവർമാർ
സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്