സ്ലം ഡോഗ് 33 ടെംപിൾ റോഡ്
വിജയ് സേതുപതി പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം സ്ലം ഡോഗ് 33 ടെംപിൾ റോഡ് ഫസ്റ്റ് ലുക്ക് പുറത്ത്
വിജയ് സേതുപതി - പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം; 'സ്ലം ഡോഗ് 33 ടെംപിൾ റോഡ്' ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 'സ്ലം ഡോഗ് 33 ടെംപിൾ റോഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
വന്യമായ മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. യാചകന്റെ വേഷത്തിൽ, രക്തം പുരണ്ട വെട്ടുകത്തിയുമായി പണക്കൂമ്പാരത്തിന് നടുവിൽ നിൽക്കുന്ന താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സംയുക്തയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
പുരി കണക്ട്‌സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ.ബി. നാരായൺ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രാമേശ്വറാണ് സംഗീത സംവിധായകൻ. ആക്ഷനും ഇമോഷനും തുല്യപ്രാധാന്യമുള്ള ഈ ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും.

