റേഷൻ കടകളിൽ വിജിലൻസിന്റെ സിനിമ സ്‌റ്റൈൽ ഓപ്പറേഷൻ വേഷം മാറി എത്തി തട്ടിപ്പ് പിടികൂടി
സംസ്ഥാനത്തെ റേഷൻ കടകളിലും എൻ.എഫ്.എസ്.എ ഗോഡൗണുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ റേഷൻ തട്ടിപ്പ് പിടികൂടി. വിജിലൻസ് ഉദ്യോഗസ്ഥർ വേഷം മാറി എത്തിയാണ് കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിച്ച ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്
റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വേഷം മാറി എത്തി തട്ടിപ്പ് പിടികൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളും എൻ.എഫ്.എസ്.എ (NFSA) ഗോഡൗണുകളും കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. തൊഴിലാളികൾക്കായി വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കളുടെ വേഷത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ നാല് റേഷൻ കട ലൈസൻസികളെ കയ്യോടെ പിടികൂടി. പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധാരണക്കാർക്ക് ലഭിക്കേണ്ട റേഷൻ വിഹിതം കരിഞ്ചന്തയിൽ മറിച്ച് വിറ്റ് കൊള്ളലാഭം കൊയ്യാൻ ശ്രമിച്ചവരാണ് വലയിലായത്.
തിരുവനന്തപുരം ബോണക്കാട്, പത്തനംതിട്ട അത്തിക്കയം, ഇടുക്കി ജില്ലയിലെ വഴിത്തല, നെടിയശാല തുടങ്ങിയ സ്ഥലങ്ങളിലെ റേഷൻ കടകളിലാണ് വിജിലൻസ് സംഘം വേഷം മാറി എത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇവരിൽ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യങ്ങൾ തുടർനടപടികൾക്കായി അതത് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് കൈമാറി. പല കടകളിലും ഉപഭോക്താക്കളുടെ റേഷൻ കാർഡുകൾ അനധികൃതമായി സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കോടികളുടെ സ്റ്റോക്ക് വ്യത്യാസം; പണം കൈമാറിയത് ഗൂഗിൾ പേ വഴി
സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയ 14 എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ 11 ഇടങ്ങളിലും, 54 റേഷൻ ഷോപ്പുകളിൽ 25 എണ്ണത്തിലും രേഖകളിലെ സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. വ്യക്തമായ വിശദീകരണം നൽകാനില്ലാത്ത 18,22,000 രൂപയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പല ഉപഭോക്താക്കളും ബിൽ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ മുഴുവനായി വാങ്ങാറില്ല. ഇത് മുതലെടുത്ത് ഇവരുടെ പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച്, ഭക്ഷ്യധാന്യങ്ങൾ ഉയർന്ന വിലയ്ക്ക് ബേക്കറി, ഹോട്ടൽ, ഫാം ഉടമകൾക്ക് മറിച്ചു വിൽക്കുകയായിരുന്നു രീതി. പലയിടത്തും ഗൂഗിൾ പേ വഴിയാണ് ഇതിന്റെ പണം കൈപ്പറ്റിയിരിക്കുന്നത്. മണ്ണെണ്ണ മാത്രം വാങ്ങുന്നവരുടെ പേരിൽ ഭക്ഷ്യധാന്യങ്ങളും വാങ്ങിയതായി കാണിച്ച് തട്ടിപ്പ് നടത്തിയതായും പരിശോധനയിൽ തെളിഞ്ഞു.
ഗോഡൗൺ ജീവനക്കാർ കരാറുകാരിൽ നിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അമ്മിണിക്കാടുള്ള റേഷൻ കടയിലെ ജീവനക്കാരൻ, പരിയാപുരം എൻ.എഫ്.എസ്.എ ഗോഡൗണിന്റെ ചുമതലയുള്ള റേഷനിങ് ഇൻസ്പെക്ടർക്ക് 25,500 രൂപ ഗൂഗിൾ പേ വഴി അയച്ചു നൽകിയതായും വിജിലൻസ് സ്ഥിരീകരിച്ചു.
അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാം: 1064
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിനെ നേരിട്ട് അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. വിവരങ്ങൾ കൈമാറേണ്ട നമ്പറുകൾ:
ടോൾ ഫ്രീ നമ്പർ: 1064
ഫോൺ നമ്പർ: 8592900900
വാട്‌സ്ആപ്പ് നമ്പർ: 9447789100