സൗജന്യ ഓണക്കിറ്റും സപ്ലൈകോ ഫെയറുകളും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും സംഘടിപ്പിക്കും.

സൗജന്യ ഓണക്കിറ്റും സപ്ലൈകോ ഫെയറുകളും പ്രഖ്യാപിച്ചു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍

അരി വിലക്കയറ്റം നിയന്ത്രിക്കാന്‍ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും

 തിരുവനന്തപുരം : ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

സൗജന്യ ഓണക്കിറ്റ് 6,09,305 എണ്ണം, 16 ഇനങ്ങള്‍ 

2026-ലെ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

എഎവൈ (മഞ്ഞകാര്‍ഡ്) ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും. വിതരണം ഉത്രാടം ദിനമായ ഓഗസ്റ്റ് 25-നകം പൂര്‍ത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.

സപ്ലൈകോ ഓണം ഫെയറുകള്‍

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ആഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.

ഭക്ഷ്യവകുപ്പിന് ഇതുവരെ അനുവദിച്ച ആകെ തുക 448.05 കോടി രൂപ 

ഈ സര്‍ക്കാരിന്റെ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2025-26 സാമ്പത്തികവര്‍ഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപമാത്രമാണ്.

  മാര്‍ക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉള്‍പ്പെടെ).

നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 154.79 കോടി രൂപ.

ഗതാഗത ചാര്‍ജ് ഇനത്തില്‍ 20.26 കോടി രൂപ

മുന്‍ഗണനാ വിഭാഗത്തില്‍ 100 ദിവസം കൊണ്ട് അരലക്ഷം റേഷന്‍ കാര്‍ഡുകള്‍

അരലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

 സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ് കൈവരിച്ചത്.  

ആകെ 76,338 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചതില്‍ 73,024 അപേക്ഷകള്‍ അംഗീകരിച്ച് മുന്‍ഗണനാ റേഷന്‍കാര്‍ഡ് അനുവദിച്ചു. ഇത് സര്‍വകാല റെക്കോഡാണ്.

അതില്‍ 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു. 73,024 പുതിയ മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും അടുത്തമാസം മൂന്ന് മുതല്‍ സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങും.

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും.

കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ ലഭ്യമാക്കുന്നതിനായി ആര്‍സിഎംഎസ് ഡാറ്റാബേസില്‍ നിന്ന് സാധ്യതയുള്ളവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് വാര്‍ഡ് അംഗങ്ങള്‍ക്കും സിഡിഎസുകള്‍ക്കും കൈമാറിയിട്ടുണ്ട്. അര്‍ഹരായവരെ കണ്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.