ദേശീയ പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ ആർ. ശരത് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഐ&പിആർഡി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ആർ. ശരത് തിരുവനന്തപുരത്ത് അന്തരിച്ചു. ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ദേശീയ പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ ആർ. ശരത് അന്തരിച്ചു
ദേശീയ പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനുമായ ആർ. ശരത് അന്തരിച്ചു

ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

തിരുവനന്തപുരം: ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ആർ. ശരത് (68) അന്തരിച്ചു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

​കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ച ശരത്, തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്‌സ് പൂർത്തിയാക്കി. മാധ്യമരംഗത്ത് 'കേരള കൗമുദി'യിൽ മാധ്യമപ്രവർത്തകനായി കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. 2017-ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

​2000-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം 'സായാഹ്നം' ഏറ്റവും നല്ല നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ തുടങ്ങിയവയാണ് മറ്റ് പ്രധാന മലയാള ചിത്രങ്ങൾ. 2011-ൽ പുറത്തിറങ്ങിയ 'ദി ഡെസയർ (The Desire: A Journey of a Woman)' എന്ന ചിത്രം ജനീവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ ഫിലിം അവാർഡ് കരസ്ഥമാക്കി.

​'അച്ഛന്റെ കഥ', 'ചുവർചിത്രങ്ങൾ', 'ഭൂമിക്കൊരു ചരമഗീതം', 'മഹാത്മാഗാന്ധി റോഡ്' തുടങ്ങി നിരവധി ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച 'ബെറിയൽ ഓഫ് ഡ്രീംസ്' എന്ന ഡോക്യുമെന്ററിയും രാജാ രവിവർമ്മയുടെ ചിത്രങ്ങളെക്കുറിച്ചുള്ള വർക്കുകളും അന്താരാഷ്ട്ര ശ്രദ്ധ നേടി. മുരൾ പെയിന്റിംഗുകളെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 'ഫ്രീഡം ഫ്രണ്ട്സ്' എന്ന ഇംഗ്ലീഷ് സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.

​ഭാര്യ: കെ. ഐ. ബിന്ദു. മക്കൾ: അഭിജിത്ത് ശരത്, അഭിരാം ശരത്. മരുമക്കൾ: അഞ്ചലി, അഭിരാമി. പേരക്കുട്ടി: ദേവ് ദത്ത്.