അപകടത്തിൽപ്പെട്ട അധ്യാപക കുടുംബങ്ങൾക്ക് ധനസഹായം പകരക്കാരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചികിത്സയിലുള്ളവർക്ക് മികച്ച സൗകര്യങ്ങളും സ്കൂളിൽ കൗൺസലിംഗും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട അധ്യാപക കുടുംബങ്ങൾക്ക് ധനസഹായം പകരക്കാരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
പ്രിയപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണ് നനയിക്കുന്ന കാഴ്ച

തിരുവനന്തപുരം: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് രക്ഷാപ്രവർത്തനങ്ങളും മറ്റു സഹായങ്ങളും ഏകോപിപ്പിച്ചത്. സ്കൂളിലെ കുട്ടികൾക്കുണ്ടായ മാനസിക പ്രയാസങ്ങൾ പരിഹരിക്കാൻ പ്രത്യേക കൗൺസലിംഗ് നൽകും. മരിച്ച അധ്യാപകർക്ക് പകരമായി പുതിയ അധ്യാപകരെ അടിയന്തരമായി നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​"സ്കൂളിലെ ഓരോ കാര്യങ്ങളും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തമെന്നോണം നിർവഹിച്ചവരായിരുന്നു ആ അധ്യാപകർ. കേവലം ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്നവരായിരുന്നില്ല അവർ, മറിച്ച് ആ വിദ്യാലയത്തിന്റെ നെടുംതൂണുകളായിരുന്നു. അവരുടെ സേവനം നമുക്കെല്ലാവർക്കും മാതൃകയാണ്. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹമെന്ന നിലയിൽ നാം ജാഗ്രത പുലർത്തണം," മന്ത്രി പറഞ്ഞു.