​കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ

കർണാടകയിലെ ഷിരഹട്ടി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ട് സഹായികളെയുമാണ് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.

​കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ
കർണാടകയിലെ ഷിരഹട്ടി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ട് സഹായികളെയുമാണ് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയും സഹായികളും ലോകായുക്ത പൊലീസിന്റെ പിടിയിലായി. ഗദഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചന്ദ്രു ലമാനിയെയാണ് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎയോടൊപ്പം പിഎ മഞ്ജുനാഥ്, സഹായിയായ ഗാരു ലുമാനി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

​ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതിനായി കരാറുകാരനിൽ നിന്ന് 11 ലക്ഷം രൂപയാണ് ചന്ദ്രു ലമാനി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കരാറുകാരൻ ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. ആദ്യ ഗഡുവായ 5 ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.

​പൊലീസിനെ കണ്ടതോടെ തെളിവ് നശിപ്പിക്കാനായി പ്രതികൾ ഒരു ലക്ഷം രൂപ അടുത്തുള്ള സ്കൂൾ വളപ്പിലേക്ക് എറിഞ്ഞതായും ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. മുൻപ് താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ചന്ദ്രു ലമാനി, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജോലി രാജിവെച്ചാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.